ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
”വായുകൊണ്ടു ജീവിക്കുന്നവന്‍ യോഗി, അതും ത്യജിക്കുന്നവന്‍ ത്യാഗി” എന്നിങ്ങനെ ശ്രീ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ ഒരിക്കല്‍ പറയുകയുണ്ടായി. ത്യാഗത്തിന്റെ പരകാഷ്ഠയില്‍ നിര്‍വിഷയമായ മനസ്സും, വിഷയത്യാഗംമൂലം പ്രജ്ഞാവികാസവും ആത്യന്തികജ്ഞാനവും സിദ്ധമാകുന്നു. പ്രപഞ്ചത്തിലെ സമസ്തവൈവിദ്ധ്യങ്ങളിലും ഈശ്വരീയമെന്ന ഏകത്വം ദര്‍ശിക്കുവാനുള്ള സ്വഭാവം ഇതു കൊണ്ടുണ്ടാകുന്നു. ”അഭേദദര്‍ശനം ജ്ഞാനം” എന്നും ”ധ്യാനംനിര്‍വിഷയം മനഃ” എന്നും വിശേഷിപ്പിച്ചിട്ടുള്ളത് ഇവിടെയും പ്രസ്താവയോഗ്യമാണ്. സ്‌നാനം ”മനേമലത്യാഗം” എന്നും ”ഇന്ദ്രിയ നിഗ്രഹം ശൗചം” എന്നും പ്രഖ്യാപിക്കുന്ന ഉപനിഷദ്‌വാക്യങ്ങള്‍ ദേഹാഭിമാനത്തെയും തന്മൂലമുള്ള ഭ്രമചിന്തയേയും ത്യജിക്കുവാനുള്ള ആഹ്വാനമാണ് നടത്തുന്നത്. നാനാമുഖമായ ആഗ്രഹങ്ങള്‍കൊണ്ട് കലുഷമായ മനസ്സ്, സദാപി അഭിമമാനചിന്തയോടുകൂടിയതും അനേകരീതിയിലുള്ള വിഷയങ്ങളെ പ്രാപിക്കുവാനും അനുഭവിക്കുവാനും പ്രേരണ നല്കുന്നതുമാണ്.
മനസ്സിനെ ശുദ്ധീകരിക്കണമെങ്കില്‍ കാമവര്‍ജിതമായ അവസ്ഥ സ്വായത്തമാക്കണം. മനസ്സ് പക്വവും ശുദ്ധവുമായിത്തീരാതെ ശരീരംകൊണ്ട് (ഇന്ദ്രിയങ്ങള്‍ കൊണ്ട്) ചെയ്യുന്നകര്‍മങ്ങള്‍ ലക്ഷ്യത്തെ പ്രാപിക്കുകയില്ല. സ്ഥിരമായ പരിശീലനവും ലക്ഷ്യബോധവും ഇതിന് അത്യന്താപേക്ഷിതമാണ്. സാന്ദര്‍ഭികമായി വന്നുചേരുന്ന വിഷയങ്ങളില്‍ കുടുങ്ങി മാര്‍ഗവും ലക്ഷ്യവും വിസ്മരിക്കപ്പെടരുത്. ഇന്ദ്രിയങ്ങള്‍കൊണ്ടുചെയ്യുന്ന കര്‍മങ്ങളേതായാലും മനസ്സിന്റെ പക്വതയോടുകൂടിമാത്രമേ അനുഷ്ഠിക്കാവൂ. ഭാഗികമായ സമ്മതംകൊണ്ടോ മനസ്സിനെ നര്‍ബന്ധിച്ച് നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ സ്വതന്ത്രമോ സ്വസ്ഥമോ ആയ അനുഭവങ്ങള്‍ ഉളവാക്കുകയില്ല. പൂര്‍വരാമായണത്തില്‍ ഗുരുവും ശിഷ്യനും (വസിഷ്ഠനും ശ്രീരാമനും) തമ്മിലുള്ള സംവാദത്തില്‍ കര്‍മങ്ങളുടെ തുടക്കവും പരിണാമവും മനസ്സിനെ കേന്ദ്രീകരിച്ചാണെന്ന് വസിഷ്ഠന്‍അഭിപ്രായപ്പെടുന്നു. ”മനഃ കൃതം കൃതം രാമ, ന ശരീരകൃതം” എന്ന് അസന്ദിഗ്തമായി പ്രഖ്യാപിക്കുവാന്‍ കുലഗുരുവായ വസിഷ്ഠന്‍ മടി കാണിക്കുന്നില്ല.
സാധാരണ മനുഷ്യന് മറ്റുള്ളവരുടെ സല്‍ക്കാരത്തിലഭിവാഞ്ഛയുണ്ട്. മറ്റുള്ളവര്‍, തന്നെ ബഹുമാനിക്കുന്നത് അതിലേറെ സന്തുഷ്ടികരമാണ്. ചിലര്‍ക്ക് അഭിമാനചിന്ത മൂലം തന്റെ കഴിവിനും സന്ദര്‍ഭത്തിനും യോജിക്കാത്ത കര്‍മങ്ങള്‍ ചെയ്യേണ്ടിവരുന്നു. ഡംഭംകൊണ്ട് ചെയ്യപ്പെടുന്ന കര്‍മങ്ങള്‍ പലപ്പോഴും ആപത്തിനു വഴിതെളിക്കുന്നുണ്ട്. ഇവയിലൊന്നുതന്നെ ഈശ്വരീയമായ ലക്ഷ്യം പ്രാപിക്കുന്നതായി കാണുന്നില്ല. നിഷിദ്ധകര്‍മങ്ങളായി അവയെ തള്ളിക്കളയേണ്ടതാണ്. എന്നാല്‍ നിഷിദ്ധകര്‍മങ്ങള്‍ അനുഷ്ഠിച്ചതിലുള്ള ദുഷിച്ചഫലം കിട്ടുകയും ചെയ്യും. അതിനാല്‍ സ്ഥിരമായ പരിശീലനം കൊണ്ട് മനസ്സിനെ ശുദ്ധമാക്കാതെ മേല്പറഞ്ഞതരത്തിലുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കരുത്. ഖ്യാതിക്കും ആഹാരം, വസ്ത്രം തുടങ്ങിയവയ്ക്കും സമ്പത്തിനും വേണ്ടി ജടിലനായോ മുണ്ഡിയായോ കാഷായാംബരധാരിയായോ സ്വീകരിക്കപ്പെടുന്ന കള്ളസന്യാസം ആത്മരക്ഷയ്‌ക്കോ സമൂഹരക്ഷയ്‌ക്കോ പ്രയോജനപ്പെടുകയില്ല. മൈത്രേയുപനിഷത്തില്‍ ഇക്കാര്യം സംശയാതീതമായി പ്രസ്താവിച്ചിട്ടുണ്ട്.
”ദ്രവ്യാര്‍ത്ഥമന്ന വസ്ത്രാര്‍ത്ഥം യഃ പ്രതിഷ്ഠാര്‍ത്ഥമേവ വാ
സന്യസേദുഭയഭ്രഷ്ടഃ സ മുക്തിം നാപ്തുമര്‍ഹതി.”
ആഗ്രഹങ്ങളെ കേന്ദ്രീകരിച്ചുള്ള തപസ്സുപോലും രാജസഗുണപ്രധാനമാണെന്ന് വിധിച്ചിട്ടുണ്ട്.
”സത്കാരമാനപൂജാര്‍ത്ഥം തപോ ദംഭേന ചൈവ യത്
ക്രിയതേ തദിഹ പ്രോക്തം രാജസം ചലമധ്രുവം.”
മേലുദ്ധരിച്ച പ്രസ്താവങ്ങളില്‍ മനസ്സിന്റെ സങ്കല്പത്തിന് നല്കിയിരിക്കുന്ന പ്രാധാന്യം ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ലളിതവും സുഗമവുമായ രീതിയില്‍ വെളിവാക്കിയിട്ടുണ്ട്. സ്വാമിജി ചില ആളുകളോടു പറയും-” ആളുകളെ ബോധ്യപ്പെടുത്താന്‍ നമസ്‌കരിക്കേണ്ടടോ. മനസ്സുകൊണ്ടു മതി.” സ്വാമിജിക്കുമാത്രം സ്വായത്തമായ ലളിതശൈലി അറിവിന്റെ കണികകളായി ഭക്തജനഹിതാര്‍ത്ഥം അവതരിപ്പിച്ചിരിക്കുന്നു. ഭക്തജനങ്ങള്‍ സ്വാമിജിയെ കാണുന്നതിനും സങ്കടം ഉണര്‍ത്തിക്കുന്നതിനും തിങ്ങിക്കൂടുന്ന അവസരങ്ങളില്‍ അതിനു തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ദണ്ഡനമസ്‌കാരം ചെയ്യുന്നവരെ സ്വാമിജി പലപ്പോഴും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദര്‍ഭങ്ങളിലാണ് മേല്പറഞ്ഞവരികള്‍ അര്‍ത്ഥഗര്‍ഭമായ രീതിയില്‍ ലളിതമായ ഭാഷയില്‍ പുറത്തുവരുന്നത്.
Discussion about this post