ആര്‍ .രാമചന്ദ്രന്‍ നായര്‍
(മുന്‍ ചീഫ് സെക്രട്ടറി)
ശ്രീമത് സ്വാമി സത്യാനന്ദസരസ്വതിയുമായി മൂന്നരദശാബ്ദക്കാലത്തെ പരിചയവും അടുപ്പവും സ്‌നേഹബന്ധവുമാണ് എനിക്കുള്ളത്. തിരുവനന്തപുരം നഗരത്തിലെ രണ്ടുകലാലയങ്ങളില്‍ ഞങ്ങള്‍ ബിരുദപഠനം നടത്തിയത് ഒരേ കാലത്താണ്. നഗരമദ്ധ്യത്തിലുള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ ജന്തു ശാസ്ത്രം ഐശ്ചിക വിഷയമായി ബി.എസ്സിക്ക് ഞാന്‍ പഠിക്കുമ്പോഴാണ് പില്‍ക്കാലത്ത് സത്യാനന്ദസരസ്വതിയായി പരിണമിച്ച ശേഖരന്‍നായര്‍ കേശവദാസപുരത്ത് മഹാത്മാഗാന്ധികോളേജില്‍ ചരിത്രം ഐശ്ചിക വിഷയമായി ബി.എ പരീക്ഷയ്ക്ക് പഠിച്ചിരുന്നത്. എന്നാല്‍, അക്കാലത്ത് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുവാനുള്ള സന്ദര്‍ഭമൊന്നും ഉണ്ടായിരുന്നില്ല. ബി.എ പരീക്ഷ വിജയിച്ച ശേഷം കാര്യവട്ടത്തിനടുത്ത് തുണ്ടത്തില്‍ എന്ന സ്ഥലത്തുള്ള മാധവവിലാസം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത് അദ്ദേഹം അന്തര്‍മുഖനും യോഗസാധനകളില്‍ നിരന്തരം വ്യാപൃതനും തികഞ്ഞ വേദാന്ത ചിന്തകനും ആയിരുന്നു. അദ്ദേഹം ദീര്‍ഘകാലം ജോലിയില്‍ തുടരുവാന്‍ താല്പര്യം പ്രദര്‍ശിപ്പിച്ചില്ല. ഉത്തരേന്ത്യയിലേക്ക് കടന്ന് കാശിയിലോ ഹരിദ്വാരിലോ ഋഷികേശത്തോ ബദരീനാഥത്തിലോ പോയി തപസ്സനുഷ്ഠിക്കുവാന്‍ തീരുമാനിച്ച് അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് തീര്‍ത്ഥയാത്രയ്‌ക്കൊരുമ്പെടുകയാണ് ഉണ്ടായത്.
അക്കാലത്ത് നീലകണ്ഠതീര്‍ത്ഥര്‍ എന്നു പ്രശസ്തനായ യോഗീശ്വരന്‍ ചേങ്കോട്ടുകോണം എന്ന സ്ഥലത്ത് ചെറിയതോതില്‍ ഒരു ആശ്രമം കെട്ടി യോഗസാധനകളില്‍ ഏര്‍പ്പെട്ട് ജീവിച്ചിരുന്നു. തീര്‍ത്ഥയാത്രയ്ക്കായി ഇറങ്ങി തിരിച്ച ശേഖരന്‍ നായര്‍ അവിചാരിതമായി നീലകണ്ഠ തീര്‍ത്ഥരുടെ മുന്നില്‍ ചെന്നുപെടുവാന്‍ ഇടയായി. അതോടുകൂടി ആ മഹാ ഗുരുവിന്റെ സങ്കേതം തന്നെയാണ് തനിക്ക് ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മഹനീയമായ തീര്‍ത്ഥം എന്ന് ആ യുവാവിന് ബോദ്ധ്യപ്പെട്ടു. ഉദ്ദിഷ്ടമായ ദീര്‍ഘയാത്രാ പരിപാടി ഉപേക്ഷിച്ച് അദ്ദേഹം ചേങ്കോട്ടുകോണം ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. നീലകണ്ഠ തീര്‍ത്ഥരുടെ പ്രഗല്ഭമായ ശിക്ഷണത്തില്‍ തീവ്രസാധകനായ ശേഖരന്‍ നായര്‍ ക്രമേണ യതിവര്യനായ സത്യാനന്ദസരസ്വതിയായി പരിണമിക്കുകയാണ് ഉണ്ടായത്.
ഹിന്ദു ഐക്യവേദിയുടെ മുഖ്യനായകനും ഏറ്റവും വാചാലനായ വക്താവും ഏതാണ്ടൊരു തീവ്രവാദിയും ആയിട്ടാണ് സ്വാമികളെ പലരും മനസ്സിലാക്കിയിട്ടുള്ളത്. പ്രസംഗമണ്ഡപങ്ങളില്‍ കയറി നില്ക്കുമ്പോള്‍ പലപ്പോഴും ആ രീതിയിലുള്ള ഗര്‍ജ്ജനങ്ങള്‍ അദ്ദേഹത്തല്‍ നിന്ന് പുറപ്പെടുന്നത് ഈ ലേഖകനും കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്. ഹിന്ദുമതം ഒഴികെയുള്ള മതവിശ്വാസങ്ങളില്‍പ്പെട്ട ചിലരുടെ നടപടികളെയും സമീപനങ്ങളെയും വിമര്‍ശിക്കുന്നതില്‍ ചിലപ്പോള്‍ അദ്ദേഹം അല്പം പരുക്കനായ ഭാഷ ഉപയോഗിക്കുന്നതായി തോന്നാതെ ഇരുന്നിട്ടില്ല. പക്ഷെ, അതൊക്കെ പ്രഭാഷണകലയിലെ അദ്ദേഹത്തിന്റെ ഒരു ശൈലീവിശേഷമായിരുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം
ചില സന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരായ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. അവരോടുള്ള പെരുമാറ്റത്തില്‍ ഒരുതീവ്രഹിന്ദുത്വവാദിയുടെ യാതൊരു സമീപനവും അദ്ദേഹത്തില്‍ കാണുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹവും ആദരവും അവരെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.
യോഗീശ്വരന്‍മാര്‍ക്ക് അന്യരുടെ രോഗം സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചെടുക്കുവാന്‍ കഴിയും എന്നു പറഞ്ഞാല്‍ ശുദ്ധ ഭൗതികവാദികള്‍ ഒരു പക്ഷേ അത് വിശ്വസിക്കുകയില്ലായിരിക്കാം. പക്ഷേ, അത് യാഥാര്‍ത്ഥ്യമാണെന്നുള്ളത് നിസംശയമത്രേ. ശ്രീമത് സ്വാമി സത്യാനന്ദസരസ്വതി പ്രിയ ശിഷ്യരുടെ രോഗങ്ങള്‍ സ്വന്തം ശരീരത്തിലേക്ക് പകര്‍ന്നെടുത്ത് അങ്ങനെ അവരെ രക്ഷിക്കുന്ന പല ദൃഷ്ടാന്തങ്ങളും എന്റെ അനുഭവത്തില്‍പ്പെട്ടിട്ടുണ്ട്.
സ്വന്തം ജന്മദേശത്തിന്റെ ഗ്രാമദേവതയായ പണിമൂലഭഗവതിയോടും ചേങ്കോട്ടുകോണം രാമദാസാശ്രമത്തിന്റെ അധിഷ്ഠാനദേവനായ ആഞ്ജനേയ സ്വാമിയോടും അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവം നവവിധ ഭക്തിഭാവങ്ങളില്‍ അത്യുദാത്തമായുള്ള സഖ്യം – ആത്മനിവേദനം എന്ന നിലവാരങ്ങളിലേക്കുയര്‍ന്നുനിന്നിരുന്നു. പണിമൂല ഭഗവതി അദ്ദേഹത്തിന് പ്രത്യക്ഷസ്വരൂപിണിയായിരുന്നു എന്നുള്ളത് എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ദേവിയെ അദ്ദേഹം സ്‌നേഹപൂര്‍വ്വം കിളവി എന്നാണ് പറഞ്ഞിരുന്നത്. ശിഷ്യന്മാര്‍ ചില സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അല്പം നില്ക്കൂ കിഴവിയോടൊന്ന് ചോദിക്കട്ടെ എന്ന് പറഞ്ഞിട്ട് കുറച്ച് സമയത്തിനുശേഷം അദ്ദേഹം മറുപടി പറയുക പതിവായിരുന്നു.
അത്യധികം സ്‌നേഹസമ്പന്നനായ ഒരു അഭ്യുദയകാംക്ഷിയും സുഹൃദ് വരനും ഗുരുഭക്തനുമെന്നൊക്കെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം സ്വാമിജി. എനിക്കെതിരായി അപവാദങ്ങളും ഏഷണികളും പറഞ്ഞുകൊണ്ട് എതിരാളികള്‍ പലപ്പോഴും അദ്ദേഹത്തെ സമീപിച്ചതായി എനിക്കറിയാം. അദ്ദേഹം അതെല്ലാം നിശ്ശബ്ദം കേട്ടുകൊണ്ടിരിക്കും. പിന്നീട് എന്നെ കാണുമ്പോള്‍ എല്ലാം തുറന്നു പറഞ്ഞിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്യും. അങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഇതാണ്. പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മാവിന്റെ കൊമ്പുകളിലേക്ക് ആളുകള്‍ കല്ലെറിയുന്നു. പൂക്കാതെയും കായ്ക്കാതെയും തികച്ചും നിഷ്ഫലവുമായ മാവിന്റെ മേല്‍ ആരാണ് കല്ലെറിയുക? എറിയട്ടെ എറിയട്ടെ ഒന്നും അറിഞ്ഞതായി ഭാവിക്കേണ്ട. ധീരമായി മുന്നോട്ട് പോവുക. എത്ര വിവേക പൂര്‍ണ്ണമായ ഉപദേശം.
ഇത്ര സ്‌നേഹസമ്പന്നനായ ഒരു യതിവര്യനെ ഇനി എന്നാണെനിക്ക് കാണാന്‍ സാധിക്കുക!
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post