തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവുകണക്കില്‍ കൃത്രിമം കാണിക്കയും കള്ളക്കണക്ക് നല്‍കുകയും അഴിമതി നടത്തുകയും ചെയ്ത യൂഡിഎഫ് ഘടകകക്ഷി നിയമസഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കള്ളക്കണക്ക് നല്‍കിയ പാര്‍ട്ടികള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ തയാറാകണം.
യൂഡിഎഫ് ഘടകകക്ഷികള്‍ കള്ളക്കണക്ക് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ വഞ്ചിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തിരിക്കുന്നത്. നിയമസഭാംഗത്വവും പാര്‍ട്ടിയുടെ അംഗീകാരവും റദ്ദാക്കാന്‍ പോലും മതിയായ കാരണമാണിത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണം. എഐസിസിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വരവും ചെലവും സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണം. സാമ്പത്തിക കുറ്റകൃത്യത്തിലൂടെയാണ് യുഡിഎഫ് അധികാരത്തില്‍ വന്നതെന്നു തെളിഞ്ഞ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിമന്ത്രിസഭ അടിയന്തിരമായി രാജിവച്ച് അന്വേഷണം നേരിടണം.
റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കുവേണ്ടി കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തിയ മാറ്റം അടിയന്തിരമായി പിന്‍വലിക്കണം. അപകടം ക്ഷണിച്ചുവരുത്തുന്നതും പരിസ്ഥിതി തകര്‍ക്കുന്നതുമായ ജനവിരുദ്ധ വികസന നയത്തിന്റെ പ്രയോഗമാണ് കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ വരുത്തിയ മാറ്റം. റിയല്‍ എസ്‌റ്റേറ്റ്- ഫഌറ്റ് മാഫിയക്കുവേണ്ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൂര്യനെല്ലിയില്‍ പീഢനത്തിനിരയായ പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം. പെണ്‍കുട്ടിക്ക് സൗകര്യപ്രദമായ സ്ഥലത്ത് സ്ഥലംമാറ്റം നല്‍കണം. ബാങ്കില്‍ പണമടച്ചില്ലെന്ന പേരില്‍ ചാര്‍ജ്ജുചെയ്ത കേസും പിന്‍വലിക്കണം. സുപ്രീംകോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി വാദിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദ്ദേശിക്കുന്ന സീനിയര്‍ അഭിഭാഷകനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Discussion about this post