ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ വെടിവെയ്പ്പ് ഐക്യരാഷ്ട്രസഭ അന്വേഷിക്കണമെന്ന പാകിസ്താന്റെ ആവശ്യം ഇന്ത്യ തള്ളി. ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും വര്‍ദ്ധിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍മേനോന്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരുത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഇതിനായി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുണ്ടായ വെടിവെയ്പ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും മുന്‍കൈയെടുത്ത് അയവു വരുത്തണം. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാകിസ്താന്‍. സംഭവം ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തിലുള്ള മൂന്നാം കക്ഷി അന്വേഷിക്കണമെന്നാണ് പാകിസ്താന്റെ നിലപാട്. എന്നാല്‍ ഈ ആവശ്യത്തോട് ഇന്ത്യക്ക് യോജിപ്പില്ല.
ജനുവരി ആറിന് നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ സൈനികനെ വധിച്ചുവെന്ന ആരോപണവുമായി ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ-പാക് സൈനിക നിരീക്ഷണ ഗ്രൂപ്പിന് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടെ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുന്‍പ് മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്‌കര്‍ എ തൊയ്ബ നേതാവ് ഹാഫിസ് സെയിദ് നിയന്ത്രണരേഖക്ക് സമീപമെത്തിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇയാള്‍ ലഷ്‌കര്‍ ഭീകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
ഇതേസമയം യുഎന്‍ ഇടപെടലിനേക്കാള്‍ ഉപരി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു.
Discussion about this post