പന്തളം: മകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു പന്തളത്തുനിന്നു പുറപ്പെടും. പുലര്‍ച്ചെ അഞ്ചിനു തിരുവാഭരണ പേടകവാഹകസംഘം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ എത്തിയ ശേഷം രാജപ്രതിനിധി ഭരണി നാള്‍ അശോകവര്‍മരാജയില്‍ നിന്ന് അനുഗ്രഹം തേടും. പിന്നീട് പേടകങ്ങള്‍ ശിരസിലേറ്റി വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കും. തുടര്‍ന്നു ക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണ പേടകം തുറന്നുവയ്ക്കും. ഉച്ചയ്ക്ക് 12.15 വരെ ഭക്തജനങ്ങള്‍ക്കു ദര്‍ശനം അനുവദിക്കും.
12.25ന് ഉച്ചപൂജയ്ക്കായി നട അടയ്ക്കും. തുടര്‍ന്നു വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജ ഉടവാള്‍ പൂജിച്ചു രാജപ്രതിനിധിക്ക് കൈമാറും. പിന്നീട് ഇരുവരും ചേര്‍ന്ന് പേടകവാഹകരെ ഭസ്മം നല്‍കി അനുഗ്രഹിക്കും. ആരതി ഉഴിഞ്ഞ് തിരുവാഭരണങ്ങള്‍ പെട്ടികളിലാക്കുന്ന ചടങ്ങ് തുടര്‍ന്നു നടക്കും. ഈ സമയത്താണ് ക്ഷേത്രത്തിനു മുകളില്‍ ശ്രീകൃഷ്ണപരുന്ത് സാന്നിധ്യമറിയിക്കുക. തിരുവാഭരണങ്ങളടങ്ങിയ പ്രധാന പേടകം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും, പൂജാപാത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും, കൊടി പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും ശിരസിലേറ്റി ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളിക്കും.
നൂറുകണക്കിനു ഭക്തജനങ്ങള്‍ ഘോഷയാത്രയെ അനുഗമിക്കും. തുടര്‍ന്നു മണികണ്ഠനാല്‍ത്തറ വഴി പരമ്പരാഗത രാജവീഥിയിലൂടെ ഘോഷയാത്ര കൈപ്പുഴ കൊട്ടാരത്തില്‍ എത്തും. രാജപ്രതിനിധി, കൊട്ടാരനടയില്‍ ഉടവാളും പരിചയും വെച്ച ശേഷം വലിയ തമ്പുരാട്ടി മകംനാള്‍ തന്വംഗി തമ്പുരാട്ടിയില്‍ നിന്നു ഭസ്മക്കുറി സ്വീകരിച്ച് അനുഗ്രഹം തേടും. തുടര്‍ന്നു ഘോഷയാത്ര ശബരിമലയിലേക്കു യാത്ര തുടരും. അസിസ്റ്റന്റ് കമാന്‍ഡന്റ് പി. കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 25 അംഗ സായുധ പോലീസ് ഘോഷയാത്രയെ വലയം ചെയ്ത് ഒപ്പമുണ്ടാകും. പരമ്പരാഗത കാനനപാതയിലൂടെ യാത്ര തുടരുന്ന ഘോഷയാത്ര, 14നു വൈകുന്നേരം സന്നിധാനത്ത് എത്തും. ത്രിസന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി നടക്കുന്ന ദീപാരാധനയ്ക്ക് ശേഷമാണു പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.
Discussion about this post