കല ജീവിതത്തിന്റെ ആവിഷ്‌കാരമാണ്. വൈകാരികമായ അനുഭൂതിക്കും വിവേകപൂര്‍ണ്ണമായ ചിന്തയ്ക്കും അതില്‍ സ്ഥാനമുണ്ട്. കലയെ ജീവിതമാക്കി മാറ്റുകയും കലയിലൂടെ ജീവിത തത്വങ്ങള്‍ കണ്ടെടുക്കുകയു ചെയ്തവരാണു ഭാരതത്തിലെ കലാകാരന്‍മാര്‍. ഗവേഷണ ബുദ്ധികളായ നിഷ്പക്ഷമതികള്‍ക്ക് അതിമഹത്തായ കലയാണു ജീവിതമെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചം കലയുടെ ആവിഷ്‌ക്കരണ സമ്പ്രദായത്തില്‍പ്പെട്ടതാണെന്നു ബോധ്യമാകും. കലയുടെ മഹത്വവും അതു മനുഷ്യഹൃദയങ്ങളിലുളവാക്കുന്ന ആനന്ദവും ആരാധനയോടെ കലാകാരനെ അന്വേഷിക്കാന്‍ പ്രേരണ നല്‍കുന്നു. പ്രപഞ്ചസ്രഷ്ടാവായ കലാകാരനെ (ഭഗവാനെ) അന്വേഷിക്കുന്ന സംസ്‌ക്കാരം ഭാരതം വളര്‍ത്തിയെടുത്തതു വളരെക്കാലങ്ങള്‍ക്ക് മുമ്പാണ്. കലയിലൂടെ ജീവിതം ദര്‍ശിക്കാനും ജീവിതത്തെ കലയാക്കി മാറ്റുവാനും അതിലൂടെ ഈശ്വരീയഭാവമെന്തെന്നു അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്ന മനുഷ്യത്വത്തിന്റെ ഉദാത്തമായ സംഭാവനയുണ്ടായത് ഭാരതത്തിലാണ്. അത് ഇന്നും അവിരാമം തുടരുന്നത് ആശ്വാസകരമാകുന്നു.
അവതരണവും ആസ്വാദനവും ചേര്‍ന്നാലെ കല സമ്പൂര്‍ണ്ണമാവുകയുള്ളൂ. അതിനാല്‍ കലയുടെ വിജയം കലാകാരനേയും ആസ്വാദകനേയും ഒരുപോലെ ആശ്രയിക്കുന്നു. അവരില്‍ ഈശ്വരീയത ദര്‍ശിച്ച നാടാണു ഭാരതം. തന്‍മൂലം രണ്ടുകൂട്ടര്‍ക്കും, വിശേഷിച്ച് കലാകാരന്, ഉപാസനാസമ്പ്രദായത്തോടു കൂടിയ ജീവിതചര്യയും ആചാര്യന്‍മാര്‍ വിധിച്ചു. കലാകാരനും സഹൃദയനും ഒരുമിച്ച് ചേര്‍ന്ന് പരസ്പര ബഹുമാനത്തോടെ കൈമാറുന്ന അനുഭൂതിയുടെ അന്തരീക്ഷത്തില്‍ മാത്രമേ കലയുടെ സൗകുമാര്യം പൂര്‍ണ്ണത നേടുന്നുള്ളൂ. കലയ്ക്ക് അതിര്‍വരമ്പുകളില്ലെന്നു പറയാറുണ്ടെങ്കിലും അവതരണത്തിനും ആസ്വാദനത്തിനും സാംസ്‌കാരിക പശ്ചാത്തലം അനിവാര്യമായി വേണം. അതിനാല്‍ കല എപ്പോഴും പിറന്ന നാടിന്റെ സംസ്‌കാരത്തില്‍ നിന്നു ചൈതന്യം സംഭരിക്കുന്നതായിരിക്കും. സംസ്‌കാരത്തെ നിഷേധിക്കുന്നത് കലയാവുകയില്ല. സംസ്‌കാരത്തിന്റെ അന്തഃസത്തയും അഭ്യുദയവും കലയിലൂടെ ജനഹൃദയങ്ങളിലേക്ക് പകരാനാവും. ഭാരതീയമായ ഏതൊരു കലാവതരണത്തിലും ദുഷ്ടനിഗ്രഹത്തിന്റെയോ കൊള്ളരുതായ്മയുടെ ദൂരീകരണത്തിന്റെയോ ഭാവം കാണാന്‍ കഴിയും. ഇങ്ങനെ മനുഷ്യമനസ്സിനെ സംസ്‌കരിക്കാനുതകുന്ന പ്രേരണയാണ് കലയുടെ അടിസ്ഥാനലക്ഷ്യമായും വികാരമായും ഭാവമായും നിലകൊള്ളുന്നത്.
മനുഷ്യന്റെ വികാരവിചാരങ്ങള്‍ക്ക് ധാര്‍മ്മികമായ അടിത്തറയില്‍ പുതുജീവന്‍ പകരുന്ന ഭാരതീയകലകളില്‍ വച്ച് അത്യുത്തമമാണ് കഥകളി. ആവിഷ്‌ക്കരണത്തിന്റെ സാങ്കേതികാംഗങ്ങള്‍ ഇത്രയേറെ ഉള്‍ക്കൊള്ളുന്ന വേറൊരു കലാരൂപം ലോകത്തില്ല. ചിത്രം, ശില്‍പ്പം, സംഗീതം, നൃത്തം, നാട്യം, സാഹിത്യം തുടങ്ങിയ കലകളെല്ലാം ഒത്തുചേര്‍ന്ന സമഗ്രമായൊരു കലാസമ്പത്താണിത്. മുഖത്ത് വരച്ചുവയ്ക്കുന്ന ചിത്രകലയുടെ ഭംഗി നടിന്റെ അഭിനയപാടവത്തെ പുറത്തുകൊണ്ട് വരുന്നതിന് ഉതകുന്നതാണ്. കഥകളിയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന എല്ലാ അംശങ്ങളും ഇങ്ങനെയാണെന്നറിയണം. മനുഷ്യത്വത്തിന്റെ നാനാഭാവങ്ങള്‍ സമ്പൂര്‍ണ്ണവും പ്രൗഡവുമായി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്വം പഠിച്ച് ശ്രദ്ധയോടെ ആസ്വദിക്കാനുള്ള ക്ഷമ നമുക്കുണ്ടാകണം. സാങ്കേതികത്വത്തിന് നടുവില്‍ നില്‍ക്കുമ്പോഴും കലാകാരനു സ്വന്തം മനോധര്‍മം ആവിഷ്‌ക്കരിക്കാന്‍ ഇത്രയേറെ സ്വാതന്ത്ര്യവും അവസരവും നല്‍കുന്ന കല വേറൊന്നില്ല. ഈ കലയ്ക്കുപിന്നില്‍ കഠിനമായ തപസ്സുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന പാരമ്പര്യമുണ്ട്. അതെല്ലാം അടര്‍ത്തി മാറ്റി കഥകളിയെ പരിഷ്‌ക്കരിക്കാന്‍ പുറപ്പെടുന്നത് കഥകളിയെ കഥകളിയല്ലാതാക്കാനേ ഉപകരിക്കൂ.
പുരാണേതിഹാസങ്ങളാണു കഥകളിയുടെ ഇതിവൃത്തത്തിനവലംബം. പുരാണങ്ങളെ കഴിഞ്ഞ കാലത്തിന്റെ കഥകളായി തള്ളിക്കളയാതെ ഏതു കാലഘട്ടത്തിന്റെയും ആധുനീകതയെ ഉള്‍ക്കൊള്ളുന്ന മനുഷ്യത്വത്തെ അപഗ്രഥിക്കുവാനും അതിന്റെ ധാര്‍മ്മികമായ മൂല്യമേതെന്നു കണ്ടെത്തുവാനുമുതകുന്ന സാഹിത്യമാണെന്നറിഞ്ഞ് സമീപിക്കണം. കഴിഞ്ഞ കാലസംഭവങ്ങളെ ആധുനികതയുടെ ജീവധാരയായി ആവിഷ്‌ക്കരിക്കുന്ന കലയാണു കഥകളി. വികാരങ്ങളെ ചര്‍ച്ച ചെയ്യുമ്പോള്‍ അവയെ അപ്പടി നിലനിര്‍ത്താനല്ല. മറിച്ച് നിയന്ത്രിക്കുവാനും അതിലൂടെ കടന്നുവരുന്ന മനുഷ്യത്വത്തിന്റെ സമ്പൂര്‍ണ്ണതയേതെന്നു മനസ്സിലാക്കുവാനും സഹായിക്കുന്ന ആവിഷ്‌ക്കരണ സമ്പ്രദായമാണ് കഥകളിയുടെ മഹത്വത്തിനാസ്പദം. വിളക്കുവയ്ക്കുമ്പോള്‍ തുടങ്ങി ധനാശിവരെ അണിയറയിലും അരങ്ങത്തും ഗുരുവിനെ വണങ്ങിയും ഗുരുത്വത്തെ മുന്‍നിര്‍ത്തിയും ഉള്‍ക്കൊള്ളുന്ന ധാര്‍മ്മികോന്‍മേഷം ഈ കലയുടെ പ്രത്യേകതയാണ്. അതു പഠിക്കാനും പഠിപ്പിക്കുവാനുമുള്ള അവസരം പാഴാക്കരുത്. പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാനും ആസ്വാദകരെ കൂടുതല്‍ സൃഷ്ടിക്കുവാനുമുതകുന്ന ശിക്ഷണം ഇന്ന് ആവശ്യമാണ്. ചര്‍ച്ചകളും ക്ലാസുകളും അതിനു പ്രയോജനപ്പെടും നഷ്ടങ്ങള്‍ പരിഹരിച്ചു ഉത്തരോത്തരം ഈ കലയ്ക്കു അഭിവൃദ്ധിയുണ്ടാകുവാന്‍ ഇടവരട്ടെ എന്നാണ് എന്റെ പൂര്‍ണ്ണമായ ആഗ്രഹം.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post