ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രകോപനപരമായ രീതിയില്‍ മുന്നോട്ടു നീങ്ങിയാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രംസിങ് പറഞ്ഞു. ഇതിനുള്ള നിര്‍ദേശം സൈനിക കമാണ്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ഇരു രാജ്യങ്ങളിലെയും ബ്രിഗേഡിയര്‍മാര്‍ തമ്മില്‍ നടക്കാനിരിക്കുന്ന ഫ്ലാഗ് മീറ്റിങിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരസേനാ മേധാവി പാകിസ്താന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്.
നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ ഉടമ്പടി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ വെറുതെ കണ്ടിരിക്കില്ല. ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്കറിയാം. അതിനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. സമയവും സന്ദര്‍ഭവും ഇന്ത്യ തന്നെ നിശ്ചയിക്കും-അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ മുന്‍നിശ്ചയപ്രകാരം ഏകപക്ഷീയമായാണ് ആക്രമണം നടത്തിയത്. ഇന്ത്യയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന ആരോപണം തെറ്റാണ്. പാകിസ്താന്‍ ആരോപിക്കുന്നപോലെ ജനവരി ആറിന് ഇന്ത്യയുടെ ഭാഗത്തു നിന്നും യാതൊരു സൈനിക നീക്കവും ഉണ്ടായിട്ടില്ല. രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പാകിസ്താന്റെ നടപടിയിലുള്ള ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുമെന്നും കരസേനാമേധാവി പറഞ്ഞു. സൈനികരുടെ തലകള്‍ അറുത്തുമാറ്റിയ പാകിസ്താന്റെ നടപടി സൈനിക മര്യാദകളുടെ ലംഘനമാണ്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. മാപ്പര്‍ഹിക്കാത്തതാണ് പാകിസ്താന്റെ ഈ ഹീനകൃത്യം-ജനറല്‍ ബിക്രംസിങ് പറഞ്ഞു.
Discussion about this post