തിരുവനന്തപുരം: ജലസേചന വകുപ്പിലെ ദര്‍ഘാസുകള്‍ക്ക് ഇ-ടെന്‍ഡറിങ് സംവിധാനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് നിര്‍വ്വഹിച്ചു. കരാറുകാര്‍ക്ക് ഓഫീസുകളില്‍ കയറിയിറങ്ങാതെ ദര്‍ഘാസില്‍ പങ്കെടുക്കാനും ജോലികള്‍ക്ക് ദര്‍ഘാസുകള്‍ ക്ഷണിക്കുന്നതിലും സ്വീകരിക്കുന്നതിലും ഉള്ള കാലതാമസം ഒഴിവാക്കാനും ഇത് സഹായകമാകും.അതോടൊപ്പം, കരാറുകാര്‍ തമ്മിലുള്ള അവിഹിത കൂട്ടുകെട്ടും അഴിമതിയും ഒഴിവാക്കപ്പെടും. ദര്‍ഘാസുകള്‍ കൂടുതല്‍ സുതാര്യമാവുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കും ഏതു സമയത്തും ഇതിനെക്കുറിച്ച് അറിയാന്‍ സാധിക്കും.
പ്രാരംഭഘട്ടമായി സൂപ്രണ്ടിങ് എഞ്ചിനീയറുടെ പരിധിയില്‍ വരുന്ന പുനര്‍യോഗ്യതാ നിര്‍ണ്ണയം ആവശ്യമുള്ള ജോലികള്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏക ദേശീയ ജലപാതയായ ദേശീയ ജലപാത മൂന്നിന്റെ തുടര്‍ച്ചയായി കുറ്റ്യാനിപ്പുഴയില്‍നിന്നും ആരംഭിക്കുന്ന വടകര-മാഹി കനാലിന്റെ 10 കിലോമീറ്റര്‍ ജോലികളാണ് ഇ-ടെന്‍ഡറിങ്ങിലൂടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. 17 കിലോമീറ്റര്‍ നീളമുള്ള ഈ കനാലിന്റെ ബാക്കി ജോലികള്‍ക്കുള്ള എസ്റിമേറ്റ് തയ്യാറാക്കി വരുന്നു. ഇതിന്റെ തുടര്‍ച്ചയായി മാഹിയില്‍ നിന്നും വളപട്ടണം വരെ കനാല്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി ജോസഫ് വ്യക്തമാക്കി.
Discussion about this post