കൊല്‍ക്കത്ത: പേഴ്സണല്‍ സ്റാഫ് അംഗങ്ങളായ മൂന്നു പേര്‍ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി എടുത്ത അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇവരെ പേഴ്സണല്‍ സ്റാഫില്‍ നിന്നു മാറ്റില്ലെന്നും വി.എസ് വ്യക്തമാക്കി. നടപടിയുമായി മുന്നോട്ടുപോയാല്‍ അതു പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് വി.എസിന്റെ വിശ്വസ്തരായ പേഴ്സണല്‍ അസിസ്റന്റ് സുരേഷ്, അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്. ഇന്നു തുടങ്ങുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നോടിയായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വി.എസ്. തന്റെ നിലപാട് അറിയിച്ചത്. നിലപാട് കാരാട്ടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. രാവിലെ ഒമ്പതു മണിയോടെയാണ് വി.എസ്. കാരാട്ടിനെ കാണാന്‍ എത്തിയത്. തന്റെ വിശ്വസ്തരായ പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്ന നിലപാട് വി.എസ് ആവര്‍ത്തിച്ചു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇവര്‍ക്കെതിരെ കാര്യമായ ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെന്നും പാര്‍ട്ടിക്കു വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തവരാണ് ഇവരെന്നും വി.എസ് പറഞ്ഞു. ടി.പി വധവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയില്ലാത്തപ്പോള്‍ തന്റെ സ്റാഫിനെതിരെ എന്തിനാണ് നടപടിയെന്നും വി.എസ് ചോദിച്ചു. നേരത്തെ ടിപി വധത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇക്കാര്യം വി.എസ് ഉയര്‍ത്തിക്കാട്ടിയത്. ഏതായാലും വി.എസിന്റെ വാദം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന ഉറപ്പ് കാരാട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാന കമ്മിറ്റി നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന. മാധ്യമങ്ങള്‍ക്കു സ്ഥിരമായി വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നു, വി.എസ് പാര്‍ട്ടിക്കു അതീതനാണെന്നും പാര്‍ട്ടിയെ തിരുത്താന്‍ ബാധ്യതയുള്ള നേതാവാണെന്നുമുള്ള പ്രതിച്ഛായ വളര്‍ത്താന്‍ ഇവര്‍ ശ്രമിച്ചു തുടങ്ങി ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റി ഉന്നയിക്കുന്നത്.
Discussion about this post