ന്യൂഡല്‍ഹി: മാര്‍ക്കറ്റ് വില അനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ വില തീരുമാനിക്കാമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഒറ്റയടിക്കു വില വര്‍ധിപ്പിക്കരുതെന്നും ചെറിയ നിരക്കുകളായി മാത്രമേ വില വര്‍ധിപ്പിക്കാവൂ എന്നും എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. അതേസമയം ഡീസല്‍, എല്‍പിജി, മണ്ണെണ്ണ എന്നിവയുടെ വില നിലവില്‍ വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
വിലനിയന്ത്രണാധികാരം ലഭിച്ചതിനു പിന്നാലെ ഡീസല്‍ വില വര്‍ദ്ധനവും കമ്പനികള്‍ പ്രഖ്യാപിച്ചു. ഡീസലിന് ഇനിമുതല്‍ എല്ലാ മാസവും അമ്പത് പൈസ വീതം വര്‍ദ്ധിക്കും. വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്. അതേസമയം പെട്രോളിന് 25 പൈസ കുറഞ്ഞു.
പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010ലാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. ഇതിനുശേഷം 19 തവണ കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ പെട്രോള്‍ വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി നിര്‍ത്തലാക്കണമെന്നും വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറണമെന്നും വിജയ് കേല്‍ക്കര്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2014-15ഓടെ സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നാണ് കേല്‍ക്കര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
Discussion about this post