തിരുവനന്തപുരം: നവമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളെ വഴിതെറ്റിക്കാതെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ കുട്ടികളോടുള്ള ഉത്തരവദിത്തം -(Our Responsibility to Children) (ഒ.ആര്‍.സി) പദ്ധതി സംബന്ധിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യകളുടെ ദുരുപയോഗവും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുമാണ് ജുവനൈല്‍ ഹോമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ തെറ്റായ വഴികളിലേക്ക് തെന്നിവീഴാതെ ദിശാബോധം നല്‍കുന്നതിന് രൂപീകരിച്ച പദ്ധതിയാണ് ഒ.ആര്‍.സി. കുട്ടികള്‍ക്കിടയിലെ അനാരോഗ്യകരമായ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന് പോലീസിനൊപ്പം രക്ഷിതാക്കളും, അധ്യാപകരും, മനശാസ്ത്രജ്ഞരും, പൊതുപ്രവര്‍ത്തകരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒ.ആര്‍.സി.യുടെ പ്രവര്‍ത്തനം കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളോടൊപ്പം എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്കും ഈവര്‍ഷം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
മേയര്‍ അഡ്വ. കെ. ചന്ദ്രിക അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി.പി അഷറഫ്, സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഒ.ആര്‍.സി ചീഫ് മെന്റര്‍ ജേക്കബ് പൂന്നൂസ്, സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Discussion about this post