മലപ്പുറം: അമ്പത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഒന്നാംസ്ഥാനത്ത് കോഴിക്കോട് മുന്നേറുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തി തൃശൂര്‍ തൊട്ടുപിന്നിലുണ്ട്. ഒന്നാം സ്ഥാനത്തുള്ള കോഴിക്കോട് 893 പോയിന്റും രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 887 പോയിന്റും നേടി.
അഥിതേയരായ മലപ്പുറം മൂന്നാം സ്ഥാനത്താണ്. 866 പോയിന്റാണ് മലപ്പുറത്തിന്. പാലക്കാട് 857 പോയിന്റുമായി തൊട്ടു പുറകിലുണ്ട്. 850 പോയിന്റുമായി കണ്ണൂരാണ് അഞ്ചാം സ്ഥാനത്ത്. ഇന്ന് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയും ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ടുമാണ് നടക്കുക. രാവിലെ ഒമ്പത് മണിയോടെ ഈ മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നാലുമണിയോടെ കലാമേളയ്ക്ക് അവസാനം കുറിച്ച് സമാപന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യാതിഥിയാകുന്ന സമാപനസമ്മേളനത്തില്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും.
അടുത്ത അധ്യയന വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം പാലക്കാടായിരിക്കും നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് അറിയിച്ചു. പാവപ്പെട്ട മത്സരാര്‍ഥികളുടെ ചെലവുകള്‍ വഹിക്കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമ്മാനത്തുക ഇരട്ടിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post