കൊച്ചി: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷ് അടക്കം 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്റേ ചെയ്തു. ആവശ്യം തള്ളിയ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ജസ്റീസ് വി.കെ മോഹനന്‍ ആണ് അപ്പീല്‍ പരിഗണിച്ചത്.
അപ്പീലില്‍ പ്രാരംഭവാദം കേട്ട ശേഷമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇവര്‍ക്കെതിരായ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. ടി.പി വധക്കേസില്‍ പങ്കുള്ള പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൌകര്യം ചെയ്തു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ പ്രധാന കുറ്റം. എന്നാല്‍ ഇതിനു തെളിവുകള്‍ ഒന്നുമില്ലെന്നും അതുകൊണ്ടു തന്നെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇവരടക്കം 18 പേരായിരുന്നു ആവശ്യമുന്നയിച്ച് നേരത്തെ കോഴിക്കോട് എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കേസിലെ അന്‍പത്തിനാലാം പ്രതി മുടക്കോഴി സിന്ധുനിവാസില്‍ കാര്യാത്ത് വത്സന്‍, അറുപത്തിയൊന്നാം പ്രതി മുടക്കോഴി
മുഴക്കുന്ന് നക്ഷത്ര ഹൌസില്‍ കെ. മദനന്‍ എന്നിവരെ മാത്രമായിരുന്നു കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഇവര്‍ പ്രതികളെ സഹായിച്ചതിന് തെളിവില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. ബാക്കിയുള്ളവരുടെ അപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 76 പേരായിരുന്നു ടി.പി വധക്കേസില്‍ ആകെ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. രണ്ടു പേരെ ഒഴിവാക്കിയതോടെ ഇത് 74 ആയി ചുരുങ്ങിയിരുന്നു. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റിലായിരുന്ന എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ മൊഴിയാണ് കെ.കെ രാഗേഷിനെതിരേയുളളത്. രാഗേഷ് പറഞ്ഞിട്ടാണ് ഇതു ചെയ്തതെന്നായിരുന്നു ഇയാളുടെ മൊഴി.
Discussion about this post