തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച. തിരുവനന്തപുരം കുന്നുകുഴി തമ്പുരാന്‍മുക്കില്‍ വെറൈറ്റി ഫാന്‍സി സ്റോഴ്സ് നടത്തുന്ന ജോണിന്റെ ജോണ്‍സി എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. 135 പവനോളം മോഷണം പോയതായാണ് വിവരം. ഇന്നലെ രാത്രിയിലായിരുന്നു മോഷണം. രാത്രി ഒന്നര വരെ ഗൃഹനാഥനായ ജോണ്‍ വീട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഈ സമയത്തൊന്നും അസ്വാഭാവിക ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോണിന്റെ മക്കളായ മില്‍ട്ടന്‍ ജോണും റെക്സ് ജോണും ബിസിനസ് ആവശ്യത്തിനായി മുംബൈയിലേക്കു പോയിരിക്കുകയായിരുന്നു. ജോണും ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മില്‍ട്ടന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മില്‍ട്ടന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഭാര്യ അമ്മയുടെ മുറിയിലായിരുന്നു ഉറങ്ങിയത്. ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. മില്‍ട്ടന്റെ ഭാര്യ ദീപ്തിയുടെ സ്വര്‍ണമാണ് നഷ്ടമായത്.
135 പവനോളം സ്വര്‍ണം അലമാരയില്‍ സൂക്ഷിച്ചിരുന്നതായി ജോണ്‍ പോലീസിനോടു പറഞ്ഞു. ഇന്നു പുലര്‍ച്ചെ ഏതോ ഇലക്ട്രിക് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ശബ്ദം സമീപവാസികള്‍ കേട്ടതായി പോലീസിനോട് പറഞ്ഞു. ഏസിയുടെ ശബ്ദമായിരിക്കുമെന്നു കരുതി അവര്‍ പുറത്തിറങ്ങിയില്ലത്രെ. രണ്ടു വളര്‍ത്തു നായകളുള്ള ഈ വീട്ടില്‍ കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയില്‍ പട്ടികളെ തുറന്നു വിട്ടിരുന്നില്ല. വീട്ടില്‍ ചില നിര്‍മാണ ജോലികള്‍ നടക്കുന്നതിനാലും ഇതിനായി മണല്‍ ഇറക്കിയിട്ടിട്ടുള്ളതിനാലുമാണ് കാവല്‍നായകളെ കൂട്ടില്‍തന്നെയിട്ടതെന്ന് വീട്ടുടമ ജോണ്‍ പോലീസിനോടു പറഞ്ഞു. കഴിഞ്ഞ ദിവസം പട്ടിക്കൂടിന് സമീപം ബ്രെഡ് കഷണങ്ങള്‍ കണ്െടത്തിയിരുന്നുവെന്നും ഈ സംഭവവുമായി ബന്ധപ്പെട്ടു സംശയമുള്ളതായും ജോണ്‍ പറഞ്ഞു. വീടിന്റെ പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. എന്നാല്‍ വാതിലിന് കേടുപാട് പറ്റിയിട്ടില്ല. മ്യൂസിയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് തുടരുകയാണ്.
Discussion about this post