ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ അന്തിമവാദം തിങ്കളാഴ്ച സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ചില്‍ ആരംഭിക്കും. ജസ്റീസ് എ.കെ. പട്നായിക് ഉള്‍പ്പെട്ട അതിവേഗ ബഞ്ചിനു മുമ്പാകെയാണ് വാദം തുടങ്ങുക. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം തുടങ്ങുന്നത്. കേസ് 108-ാംമതായി സുപ്രീംകോടതി നേരത്തെ ലിസ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം സ്ത്രീ പീഡനക്കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടില്‍ സുപ്രീംകോടതി എത്തുകയായിരുന്നു. ദൈനംദിന വിചാരണയാണു കേസില്‍ നടക്കുക. നേരത്തെ കേസില്‍ എട്ടു വര്‍ഷമായി അപ്പീല്‍ പരിഗണിക്കാത്തതില്‍ ചീഫ് ജസ്റിസ് അല്‍ത്തമാസ് കബീര്‍ അതൃപ്തി അറിയിച്ചിരുന്നു.
കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന പെണ്‍കുട്ടിയുടെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചാണ് പ്രത്യേക ബെഞ്ചിനു കേസ് കൈമാറിയത്. കേസ് നീട്ടിവയ്ക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അതു തള്ളുകയായിരുന്നു. കേസില്‍ ധര്‍മരാജന്‍ ഒഴികെ എല്ലാ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ 2005 നവംബര്‍ 11നാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്. എന്നാല്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. 1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 35 പ്രതികളാണുണ്ടായിരുന്നത്. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു.
Discussion about this post