ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ രഹസ്യ വിചാരണ അതിവേഗ വിചാരണക്കോടതിയിലെ അടച്ചിട്ട കോടതിമുറിയില്‍ ആരംഭിച്ചു. കേസിലെ അഞ്ചു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇടവേളകില്ലാതെ വിചാരണ തുടരാനാണ് തീരുമാനം. ഫെബ്രുവരി അവസാനത്തോടെ അന്തിമ വിധി പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിചാരണ നടക്കുന്ന മുറിയിലേയ്ക്കു മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആര്‍ക്കും പ്രവേശനം അനുവദിക്കില്ല. കേസില്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ പ്രോസിക്യൂഷന്‍ വാദമാണ് ഇന്ന് നടന്നത്. എതിര്‍വാദം തിങ്കളാഴ്ച തുടങ്ങും. കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. പെണ്‍കുട്ടി മരിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പ്രധാന തെളിവ്. ജനുവരി മൂന്നിനാണു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കൂട്ട ബലാത്സംഗം, അസ്വാഭാവിക കുറ്റകൃത്യം, തെളിവു നശിപ്പിക്കല്‍ , കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ , കവര്‍ച്ചയ്ക്കിടെ മനഃപര്‍വം ഉപദ്രവിക്കല്‍ , കവര്‍ച്ചയും കൊലപാതകവും, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ആറാമത്തെ പ്രതിയുടെ വിചാരണ ബാലനീതി ബോര്‍ഡിനു കീഴിലാണു നടക്കുക. അതേസമയം, കേസിന്റെ വിചാരണ ഡല്‍ഹിക്കു പുറത്തേക്കു മാറ്റണമെന്ന കുറ്റാരോപിതന്റെ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി മുകേഷിന്റെ അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ ചീഫ് ജസ്റീസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചപ്പോഴാണ് ഹര്‍ജി ഇന്നു പരിഗണിക്കാമെന്നു കോടതി ഉറപ്പു നല്‍കിയത്. സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം മൂലം ഭരണകൂടവും ജുഡീഷറിയും കടുത്ത സമ്മര്‍ദത്തിലാണെന്നതിനാല്‍ വിചാരണ ഡല്‍ഹിക്കു പുറത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലേക്കു മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post