Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

കാളിദാസപ്രപഞ്ചം – ദേവതാത്മാവായ ഹിമാലയം

by Punnyabhumi Desk
Jan 25, 2013, 06:59 pm IST
in ഗുരുവാരം

സത്യാനന്ദ പ്രകാശം
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
അനന്തവൈഭവ സമൃദ്ധിയാര്‍ന്ന ഭാരത രാജ്യത്തിന്റെ അമൃതസമാനമായ മഹിമാവ് ആകണ്ഠമാസ്വദിച്ച് പരിധികളില്ലാത്ത ആനന്ദലഹരിയില്‍ മധുരമധുരമായി പാടിയ കവികുല ചക്രവര്‍ത്തിയാണു കാളിദാസന്‍. ഭാരതനാടും ഭാരതീയ സംസ്‌കൃതിയും അദ്ദേഹത്തിനു സ്വന്തം പ്രാണങ്ങളായിരുന്നു. അതിന്റെ വശ്യമധുരമായ ഗരിമാവ് അദ്ദേഹത്തിന്റെ കാവ്യഭാവനയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടേ ഇരുന്നു. കുമാരസംഭവം, രഘുവംശം, മേഘദൂതം, അഭിജ്ഞാന ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം, ഋതുസംഹാരം എന്നീ തേന്‍ മണക്കുന്ന കൃതികള്‍ അതിന്റെ പരിണതഫലമാണ്. കാളിദാസന്‍ നേരിട്ടു കണ്ട ഭാരതം അവയിലൂടെ ആര്‍ക്കും ദര്‍ശിക്കാം. ഭൗതികവും അദ്ധ്യാത്മവുമായ സമൃദ്ധിയുടെ പര്യായമാണ് അത്. ഭൗമജീവിതത്തെ സ്വര്‍ഗ്ഗമണ്ഡലവാസത്തെക്കാള്‍ സൗന്ദര്യഭൂയിഷ്ഠമാക്കുന്ന ഭാരതീയ സംസ്‌കൃതി ഋക്-യജു-സാമ.അഥര്‍വ വേദങ്ങളുടെയും വേദാംഗങ്ങളായ ശിക്ഷാ കല്പം, നിരുക്കം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയുടെയും ഇതിഹാസ പുരാണങ്ങളുടെയും ഗുരുപരമ്പര പകര്‍ന്നുതന്ന ബഹുവിധമായ ശാസ്ത്രങ്ങളുടെയും സംഭാവനയാണ്. കാളിദാസകൃതികളില്‍ അവയെല്ലാം സൂര്യതുല്യം ജ്വലിച്ചുനില്‍ക്കുന്നത് ആരെയും  അദ്ഭുതപ്പെടുത്തും. രാജര്‍ഷിമാരുടെ പരമ്പരയില്‍ എന്നെന്നും ആദരണീയനായിരിക്കുന്ന വിക്രമാദിത്യചക്രവര്‍ത്തിയുടെ ഭരണനൈപുണി കലിയുഗത്തിനു നടുവിലും കൃതയുഗത്തെ സൃഷ്ടിച്ച് ഭാരതീയ സംസ്‌കൃതിയുടെ മഹാമാതിരേകമനുഭവിക്കാന്‍ കാളിദാസനു അവസരമൊരുക്കിക്കൊടുത്തതാണ് ലോകത്തിനു അനുഗ്രഹമായി ഭവിച്ചത്. ഇന്നേയ്ക്ക് രണ്ടായിരംകൊല്ലം  മുമ്പാണ് വിക്രമാദിത്യന്റെ കാലം. കലിയുഗമാരംഭിച്ച് അന്നേയ്ക്ക് മൂവായിരം വര്‍ഷം തികഞ്ഞിട്ടുണ്ടായിരുന്നു.

himalaya_sliderസരസ്വതിയുടെ അവതാരമെന്നു വിദ്വാന്മാരാല്‍ കൊണ്ടാടപ്പെടുന്ന കാളിദാസന് ഹിമാലയം മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭാരതദേശം സുപരിചിതമായിരുന്നു. ഇവിടുള്ള ഓരോ പരമാണുവിനോടുപോലും നിസ്സീമമായ ആരാധനയുടെ ഹൃദയകുസുമങ്ങള്‍ അദ്ദേഹം നിരന്തരം പുലര്‍ത്തിപ്പോന്നു. ഗ്രാമങ്ങളും നഗരങ്ങളും കാടുകളും കുലപര്‍വതങ്ങളും നദികളും തടാകങ്ങളും സമുദ്രതരംഗങ്ങളും തീരദേശങ്ങളും വൈവിദ്ധ്യമാര്‍ന്ന മൃഗസഞ്ചയങ്ങളും ചിത്രകാന്തിയാര്‍ന്ന പക്ഷിവൃന്ദങ്ങളും കല്പകസമപ്രഭമായ ബഹുതരവൃക്ഷങ്ങളും പല്ലവാലംകൃതമായ വല്ലീസമുഹങ്ങളും ശമ്പളകാന്തിയാര്‍ന്ന പുഷ്പസമുദയങ്ങളും ബഹുലഫലസമൃദ്ധികളും ഭൗമജഗത്തിനു ദിവ്യാഭരണങ്ങള്‍ പണിയുന്ന ഋതുഭേദങ്ങളും വാതവര്‍ഷഹിമാതപാദി സാന്നിദ്ധ്യങ്ങളും ചന്ദ്രസൂര്യ നക്ഷത്രാദിഗോളങ്ങളുടെ ഉദയാസ്തമനങ്ങളും മാനവജീവിതവും വേഷഭൂഷാദിവൈവിദ്ധ്യങ്ങളും ദേശഭാഷാ വിശേഷങ്ങളും ആചാരാനുഷ്ഠാനങ്ങളും ആശയാഭിലിഷങ്ങളും  സാംസ്‌ക്കാരിക പാരമ്പര്യവും കുടുംബസങ്കല്പവും സമസൃഷ്ടിസ്‌നേഹവും ജീവിതദര്‍ശനവും ഉത്സവാഘോഷങ്ങളും ദേവതാസങ്കല്പവും ആരാധനാ ക്രമങ്ങളും നൃത്തസംഗീതനാട്യാദി കലാവൈദഗ്ധ്യങ്ങളും മഹാസാമ്രാജ്യങ്ങളും ആയോധനചാതുരിയും അഹിംസാദര്‍ശനവും ലോകത്തെ ഒന്നായികാണുന്ന ഹൃദയവിശാലതയും ധര്‍മ്മാര്‍ത്ഥകാമമോക്ഷ സ്വരൂപമായ പുരുഷാര്‍ത്ഥങ്ങളും ബ്രഹ്മചര്യഗാര്‍ഹസ്ഥ്യവാനപ്രസ്ഥ സന്യാസങ്ങളെന്ന ആശ്രമവ്യവസ്ഥയും ആ കനകതൂലികയില്‍ ആനന്ദനടനം ചെയ്തു ഭാരതമെന്ന ആര്‍ഷദേശത്തെ ലോകത്തിനു അനുഭവവേദ്യമാക്കിത്തീര്‍ത്തു. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും അഹിംസയുടെയും സമത്വാദര്‍ശത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും ദീപ്തസന്ദേശമാണ് കാളിദാസന്റെ കവനകലയുടെ താരസ്വരം. വിശ്വശാന്തിയാണു അതിന്റെ പരമഫലം. സ്ഥൂല ശരീരംകൊണ്ടു ഭൂലോകത്തില്‍ സഞ്ചരിക്കവേ ബോധമണ്ഡലത്തെ സ്വര്‍ലോകത്തിലുറപ്പിച്ചുകൊണ്ടു കാളിദാസന്‍ പാടുമ്പോള്‍ പരമപാവനമായ ദേവഗംഗയായി മാനവഹൃദയങ്ങളിലൂടെ അനര്‍ഗ്ഗളം പതഞ്ഞൊഴുകുന്ന ഭാരതീയ സംസ്‌കാരമെന്ന ദിവ്യാമൃതമാണ് ആ കവനകല. നിതാന്തജാഗ്രതയോടെ അതിലുണരുന്ന അമൃതബിന്ദുക്കള്‍ ഒന്നൊന്നായി അടുത്തറിയാനുള്ള പരിശ്രമമാണഅ ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. കാളിദാസമഹാകവിയുടെ കാല്‍നഖേന്ദുമരീചികള്‍തന്നെ അതിനു മാര്‍ഗ്ഗം കാട്ടിത്തരട്ടെ.

1. ദേവതാത്മാവായ ഹിമാലയം

കാളിദാസകൃതികളില്‍ പ്രഖ്യാതമായ കുമാരസംഭവത്തിന്റെ  ഇതിവൃത്തം അറിയാത്തവരില്ല. ഭാരതത്തികത്തുമാത്രമല്ല ഭാരതത്തിനു പുറത്തും പണ്ഡിതന്മാരാല്‍ ഏറെ ആദരിക്കപ്പെടുന്ന മഹാകാവ്യമാണു കുമാരസംഭവം.  ലോകത്തിനു മാതാപിതാക്കളെന്നു രഘുവംശത്തിന്റെ തുടക്കത്തില്‍ ആ മഹാകവി തന്നെ പ്രകീര്‍ത്തിച്ചിരിക്കുന്ന പാര്‍വതീപരമേശ്വരന്മാരുടെ വിവാഹകഥയാണത്. ദക്ഷയാഗവേളയില്‍ തന്റെ പത്‌നിയായ സതീദേവി യാഗാഗ്നിയില്‍ ദഹിച്ചതോടെ കഠിനതപസ്സാരംഭിച്ച ശ്രീപരമേശ്വരനെ  തീവ്രതപോനിഷ്ഠയിലൂടെ പര്‍വതരാജപുത്രിയും  സതീദേവിയുടെ പുനര്‍ജന്മവുമായ പാര്‍വതീദേവി നേടിയെടുത്ത സച്ചരിത്രമാണു കുമാരസംഭവം. തപസ്സിലൂടെ ഭാര്യാഭര്‍ത്താക്കന്മാരായിത്തീര്‍ന്ന അവരുടെ കഥ എക്കാലത്തെയും ഗൃഹസ്ഥാശ്രമികള്‍ക്കു ഉത്തമാദര്‍ശമാണെന്ന തിരിച്ചറിവായിരിക്കണം കുമാരസംഭവമെഴുതാന്‍ കാളിദാസനെ പ്രേരിപ്പിച്ച ശക്തിവിശേഷം. ഭാരതീയ സംസ്‌കൃതിയുടെ വൈവിദ്ധ്യമാര്‍ന്ന തലങ്ങളെ അനാവരണം ചെയ്തുകൊണ്ട് അതിലെ ഓരോ ശ്ലോകവും അറിവിന്റെയും  അനുഭൂതിയുടെയും അക്ഷയഖനിയായി നിലകൊള്ളുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ചു ആലോചിക്കുന്തോറും ചുരുള്‍ നിവര്‍ത്തുന്ന എണ്ണമറ്റ നൂതനാര്‍ത്ഥതലങ്ങളും തീവ്രതരാനുഭൂതിയുമാണ് എഴുത്തുകാരനെ അക്ഷരാര്‍ത്ഥത്തില്‍ കാളിദാസനാക്കി മാറ്റിയിരിക്കുന്നത്. അനുധ്യാനത്തിന്റെ ദിവ്യമുഹൂര്‍ത്തങ്ങളില്‍ അനുഭൂതിതമാകുന്ന അര്‍ത്ഥതലങ്ങളെല്ലാം വാക്കുകള്‍ക്കു വിധേയമല്ലെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കണം. ഭാരതത്തെയും ഭാരതീയതയെയും അടുത്തനുഭവിക്കുവാന്‍ ഇതേവിധമുള്ള അമൃതധാര അപൂര്‍വമാകുന്നു.

‘അസ്ത്യുത്തരസ്യാംദിശി ദേവതാത്മാ
ഹിമാലയോ നാം നഗാധിരാജഃ
പൂര്‍വാപരൗ തോയനിധീവഗാഫ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ‘
കുമാരസംഭവം സര്‍ഗ്ഗം 1 ശ്ലോകം 1

‘ഭൂമിയ്ക്കു  മാനദണ്ഡമെന്നോണം കിഴക്കും പടിഞ്ഞാറുമുള്ള മഹാസമുദ്രങ്ങളില്‍ മുങ്ങി അങ്ങു വടക്കേദിക്കില്‍ ഹിമാലയമെന്നു പേര്‍കൊണ്ട ദേവതാത്മാവായ പര്‍വത രാജാവ് സ്ഥിതി ചെയ്യുന്നു.’ പാര്‍വതിയുടെ പിതാവായ ഹിമവാനെ വര്‍ണ്ണിച്ചുകൊണ്ട് ആ മഹാകവി കുമാരസംഭവ കാവ്യത്തിനു ആരംഭം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

പര്‍വതവര്‍ണ്ണനയില്‍ വിശേഷമായി എന്തിരിക്കുന്നുവെന്ന് ചിന്തിച്ചു പോകുന്നവരുണ്ടാകാം. കുമാരസംഭവത്തിലെ ഹിമവദ്‌വര്‍ണ്ണന സൂക്ഷ്മമായി വായിച്ചാല്‍ അതുതാനേ നീങ്ങിക്കൊള്ളും. ഭാരതരാജ്യത്തിന്റെ ഉത്തരസീമയായി, പാറക്കെട്ടുകള്‍ തിളങ്ങി, എന്നെന്നും മഞ്ഞുമൂടി, നദികളും തടാകങ്ങളും നിറഞ്ഞ്, നിബിഡ വനങ്ങളാല്‍ ആവൃതമായ സാനുപ്രദേശങ്ങളോടെ, ബഹുതരമായ ജീവജന്തുക്കള്‍ക്കു ആവാസകേന്ദ്രമായി നിലകൊള്ളുന്ന ഹിമവാന്റെ  ആകൃതിയും വലിപ്പവും വൈഭവവും മാംസ ചക്ഷുസ്സുകള്‍ക്കു കാണാകുന്നിടത്തു മാത്രമായി ഒതുങ്ങുന്നില്ല. ഭൂമണ്ഡലത്തില്‍ നാം നേരിട്ടു കാണുന്നത് കാളിദാസഹിമാലയത്തിന്റെ ഒരംശം മാത്രം. അതിന്റെ സമ്പൂര്‍ണ്ണ രൂപം  മനുഷ്യന്റെ സ്ഥൂല നേത്രങ്ങള്‍ക്കു വിധേയമാകാതെ തപസ്സിദ്ധമായ പ്രജ്ഞചക്ഷുസ്സുകള്‍ക്കു മാത്രം എത്തിപ്പെടാന്‍ കഴിയുന്ന സൂക്ഷ്മമണ്ഡലങ്ങളില്‍ പടര്‍ന്നുകിടക്കുന്നു. കുമാരസംഭവത്തിലെ  ഹിമാലയം സമ്പൂര്‍ണ്ണപ്രപഞ്ചമാണ്. അതാണു ദേവതാത്മാവായ ഹിമാലയം. അതിന്റെ സ്ഥൂലജഗത്തിലുള്ള ഒരു ഭാഗം മാത്രമാണ് ഇക്കാണായ ഹിമാലയം. കണ്ണുകള്‍കൊണ്ടു കാണാനാകുന്ന ഈ ഹിമാലയം പ്രഥമദൃഷ്ട്യാ ജഡമെന്നു തോന്നിയാലും കാളിദാസനോടൊപ്പം അദൃശ്യമായ സൂക്ഷ്മമേഖലകളിലേക്കു കടന്നുചെന്നാല്‍ ചേതന സ്വരൂപമാണെന്നു ആര്‍ക്കും വ്യക്തമാകും. അതാണു അതിന്റെ ദേവതാപദവിക്ക് ആധാരം. പാര്‍വതിയുടെ പിതാവ് ദേവതാത്മാവായ ഹിമാലയമാണ്. അതിന്റെ സ്വരൂപമാണ് കാളിദാസന്‍ കുമാരസംഭവാദിയില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഭാരതവും ഭാരതീയസംസ്‌കൃതിയും പ്രപഞ്ചപദാര്‍ത്ഥങ്ങളെ വിലയിരുത്തുന്നതെങ്ങനെയെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണിത്. ജീവനുള്ളവയും ജീവനില്ലാത്തവയുമെന്ന് രണ്ടായി വേര്‍തിരിച്ചു കാണുന്ന പദാര്‍ത്ഥമേതിലും ചൈതന്യസ്വരൂപത്തെ ദര്‍ശിച്ച് ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം. മെക്കാളയുടെ പുത്തന്‍ വിദ്യാഭ്യാസ തന്ത്രങ്ങള്‍ വേരുറപ്പിച്ചതോടെ പ്രപഞ്ചപദാര്‍ത്ഥങ്ങളുള്ളിലെ ദേവതാഭാവത്തെ പലരും സംശയിക്കുകയോ വിസ്മരിക്കുകയോ ചെയ്തു തുടങ്ങിയെന്നേയുള്ളു. ജീവനില്ലാത്ത പദാര്‍ത്ഥങ്ങളെയെല്ലാം പൂര്‍ണ്ണ ജഡമായി കരുതുന്നവര്‍ ഇന്നു ധാരാളമുണ്ട്. പക്ഷേ ജഡപദാര്‍ത്ഥങ്ങളുടെ നിലനില്പിനാധാരമായി അവയ്ക്കുള്ളില്‍ ചൈതന്യം തന്നെയാണു കുടികൊള്ളുന്നതെന്നു ഋഗ്വേദകാലം മുതല്‍ക്കേ ഋഷിമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഏതു പദാര്‍ത്ഥത്തിലും രണ്ടു ഘടകങ്ങള്‍ അടിസ്ഥാനമായുണ്ട്. അവയില്‍ മൗലികമായതു ചൈതന്യവും മറ്റേതു ജഡവുമാകുന്നു. ജഡമാണ് കണ്ണുകള്‍കൊണ്ടു സാധാരണ കാണപ്പെടുക. ചൈതന്യം ജഡത്താല്‍ മറഞ്ഞിരിക്കുന്നു. ജീവവര്‍ഗ്ഗങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നു ചൈതന്യസാന്നിധ്യം ഊഹിക്കാം. പാറക്കെട്ടുകളും മണല്‍ത്തരിപോലുള്ളവയും പ്രതികരണശൂന്യമാകയാല്‍ തീര്‍ത്തും ജഡമെന്നാണ് കാളിദാസനെ അറിയാത്തവര്‍ കരുതിപ്പോവുക. സൂക്ഷ്മമായാലോചിച്ചാല്‍ അവയിലും ചൈതന്യം കുടികൊള്ളുന്നു എന്നി തിരിച്ചറിയാനാകും. പക്ഷേ അതു  ജീവജാലങ്ങളിലെന്നപോലെ പ്രകടമായിരിക്കുകയില്ലെന്നേയുള്ളു. ജഡങ്ങളുടെയുള്ളില്‍ പോലുമിരിക്കുന്ന ചൈതന്യധന്യതയെ കാളിദാസകൃതികള്‍ ബഹുവിധത്തില്‍ കാട്ടിത്തരുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതാണു അഭിജ്ഞാനശാകുന്തളത്തിലെ  നാലാം അങ്കം. അതു നാം വഴിയേ കാണും. ചൈതന്യ സാന്നിധ്യം ആര്‍ക്കും നിഷേധിക്കാനാവുകയില്ല. ചൈതന്യാഭാവത്തില്‍ അവ ഉണ്ടാവുകപോലുമില്ലെന്നു ക്രമേണ വ്യക്തമായിക്കൊള്ളും.

ജീവനുള്ളവയെന്നോ ജീവനില്ലാത്തവയെന്നോ ഭേദമില്ലാതെ എല്ലാറ്റിനുള്ളിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യത്തെയാണു ഭാരതീയ സംസ്‌കൃതി ദേവനെന്നു പറയുന്നത്. പെട്ടെന്നു വേര്‍തിരിച്ചെടുക്കാനാവാത്തവിധം ഒന്നെന്നോണമാണ് ചൈതന്യ ജഡങ്ങളുടെ ഒത്തിരിപ്പ്. ഋഗ്വേദമന്ത്രദ്രഷ്ടാക്കളായ ഋഷിമാരെല്ലാം പാടിസ്തുതിച്ചിരിക്കുന്നത് ചൈതന്യസ്വരൂപരായ ദേവന്മാരെയാകുന്നു. ഇന്ദ്രന്‍, അഗ്നി, വായു, വരുണന്‍ തുടങ്ങിയ ദേവന്മാരെ പ്രകീര്‍ത്തിക്കുന്ന സൂക്തങ്ങളെല്ലാം ചേതന ധര്‍മ്മാധിഷ്ഠിതമാണ്. മനുഷ്യന്‍ അവന്റെ അജ്ഞാനത്താല്‍ തീയ് ഇടിമിന്നല്‍ മുതലായ പ്രപഞ്ച പ്രതിഭാസങ്ങളെ ഭയക്കുകയും തന്മൂലം ആരാധനകളാരംഭിക്കുകയും ചെയ്തു എന്നു ചിലര്‍ പറഞ്ഞു നടക്കുന്നത് വൈദിക മന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം വിഢ്ഢിത്തമാണ്. ഋഗ്വേദാദിമന്ത്രങ്ങളില്‍ സ്തുതിക്കപ്പെടുന്നത് ഭൗതികമായ അഗ്നിയും വെള്ളവും കാറ്റുമൊന്നുമല്ല; മറിച്ച് അവയെ അവയാക്കിത്തീര്‍ക്കുന്ന ചൈതന്യമാണ്. പ്രസ്തുത ചൈതന്യം താന്‍തന്നെ ആകുന്നു എന്ന തിരിച്ചറിവിന്റെ ആഹ്ലാദമാണ് ആരാധന. ഭയത്തിന് അവിടെ ലവലേശവും സ്ഥാനമില്ല. ഈ പ്രപഞ്ചം മുഴുവന്‍ ഞാനാണെന്ന – അഹം ബ്രഹ്മാസ്മി എന്ന – പ്രത്യക്ഷാനുഭവമാണ് അതിന്റെ കരുത്ത്. ഈ ലോകം ഉണ്ടാകുന്നത് ചൈതന്യസ്വരൂപനായ എന്നിലാണ്. ഈ ലോകം നിലനില്‍ക്കുന്നതും ചൈതന്യഘനമായ എന്നിലാകുന്നു. ഈ ലോകം വിലയം പ്രാപിക്കുന്നതും ചേതനനായ എന്നില്‍ത്തന്നെ. ഇവിടെ സര്‍വവും ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു വസ്തുവില്ല. ഇതാണ് വേദമന്ത്രം ഓരോന്നും പരമമായി പഠിപ്പിക്കുന്ന തത്ത്വം. അവിടെ ഭയത്തിന് എന്തവകാശം? വേദമന്ത്രങ്ങള്‍ പഠിക്കുന്നവര്‍ക്ക്  വളരെവേഗം വ്യക്തമായിത്തീരുന്ന മഹാസത്യമാണിത്. ഭൗതികദൃഷ്ടികളുടെ ഭയവാദം കേട്ടാല്‍ വേദമറിയുന്നവര്‍ ചിരിച്ചു പോകുന്നതില്‍ അത്ഭുതമുണ്ടോ?

വയലേലകളില്‍ വിതച്ച നെല്‍വിത്തിനെ മുളപ്പിച്ചു നെല്‍ച്ചെടിയായി വളര്‍ത്തി പൂവണിയിക്കുകയും നെല്‍ക്കതിര്‍ ചൂടിക്കുകയും ചെയ്യുന്നത് വിത്തിനുള്ളിലിരിക്കുന്ന ചൈതന്യസ്വരൂപരായ ദേവന്മാരാകുന്നു. നെല്‍വിത്തിനെ മുളപ്പിക്കാനുള്ള സാമര്‍ത്ഥ്യം ഒരു ഭൗതികശാസ്ത്ര പദ്ധതിയുടെയും കൈവശമില്ല. നെല്‍ച്ചെടിക്കു വളരാന്‍ വേണ്ടുന്ന ഭൗതികസാഹചര്യമൊരുക്കുന്നതിലപ്പുറം യാതൊന്നും ആര്‍ക്കും സാദ്ധ്യമല്ലെന്നു പ്രസിദ്ധമാണല്ലൊ. നെല്‍വിത്തു വളരുന്നത് സ്വന്തം ആന്തരികശക്തികൊണ്ടാണ്. സമസ്ത ജീവരാശിയുടെ കാര്യത്തിലും ഇതു സത്യമായിത്തന്നെ അവശേഷിക്കുന്നു. മനുഷ്യ ശരീരത്തിലെ ശ്വാസഗതി, ഹൃദയമിടിപ്പ് തുടങ്ങിയ ആയിരമായിരം പ്രവര്‍ത്തനങ്ങളില്‍ ഏതൊക്കെയാണു മനുഷ്യന്റെ നിയന്ത്രണത്തിലുള്ളത്?  ആര് ഇവയെല്ലാം തുടങ്ങിവച്ചു? ജീവികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പോലും ആര് ഇവയെല്ലാം നടത്തിക്കൊണ്ടുപോകുന്നു? ആരുടെ പ്രവര്‍ത്തനത്തിനു താളം തെറ്റുമ്പോഴാണ് ആഗ്രഹത്തിനു വിപരീതമായി മനുഷ്യനു രോഗം പിടിപെടുന്നത്? അല്പം സമാധാനമായി ചിന്തിച്ചാല്‍ ഉത്തരം കിട്ടും. ഇതിനുള്ളില്‍ നടക്കുന്ന എണ്ണമറ്റ പ്രവര്‍ത്തനമോരോന്നും നിയന്ത്രിക്കുന്ന ദേവന്മാരാണ് അവയുടെ ചാലകശക്തി. അവര്‍ കൈവിടുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുന്നു. ജഡമെന്നോ ചേതനമെന്നോ ഭേദമില്ലാതെ സമസ്ത പദാര്‍ത്ഥങ്ങള്‍ക്കുളളിലുമിരുന്ന് അവയെ നിര്‍മ്മിച്ചു നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യവിശേഷമാണു ദേവന്മാര്‍. മുപ്പത്തിമുക്കോടി രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വേദാന്തികള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ ദേവന്മാരുടെ സംഖ്യയുെ മുപ്പത്തിമുക്കോടിയെന്നു പ്രസിദ്ധമായി. അവയെല്ലാം ഒരേയൊരു ദേവന്റെ വിവിധ പ്രവര്‍ത്തന രീതികള്‍ മാത്രമാണെന്നു ക്രമേണ വ്യക്തമാകും. അങ്ങനെ എല്ലാ ദേവന്മാരും ഒന്നിയിണങ്ങിയ-സര്‍വദേവതാമയനായ-ദേവദേവനാണ് ഹിമവാന്‍. ഇതാണ് അദ്ദേഹത്തിന്റെ ദേവാത്മകത്വം.

ഹിമവാന്‍ ദേവതാത്മാവാണെന്ന വേദമന്ത്രങ്ങളുടെ കണ്ടെത്തല്‍ ഭാരതീയരുടെ പ്രപഞ്ചദര്‍ശനത്തിലും ജീവിതവീക്ഷണത്തിലും ചെലുത്തിയ സ്വാധീനം അപരിമിതമാണ്. ഭാരതീയ സംസ്‌കൃതിയുടെ ആധാരശിലകളില്‍ പ്രമുഖമായ ഈ ദര്‍ശനത്തെ കുമാരസംഭവത്തിന്റെ തുടക്കത്തിലേതന്നെ കാളിദാസന്‍ ആവാഹിച്ചതും തന്മൂലമാകുന്നു. മറ്റു ജീവജാലങ്ങളും ജഡപദാര്‍ത്ഥങ്ങളും അവനവന്റെ സുഖത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്നും അവയെ തന്നിഷ്ടംപോലെ വിനിയോഗിക്കാമെന്നുമുള്ള ഭൗതിക ചിന്തകളുടെ മറുവശത്താണ് ഭാരതീയ ദര്‍ശനം നിലനില്ക്കുന്നത്. അഹിംസാധിഷ്ഠിതമായ പ്രപഞ്ച വ്യവസ്ഥ രൂപംകൊള്ളുന്നത് ദേവാത്മക ദര്‍ശനത്തില്‍ നിന്നാണ്. അതിന്റെ പ്രയോഗക്ഷമതയും വിജയ സുനിശ്ചിതത്വവും മഹാത്മജിയുടെ  സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ ലോകത്തിനു വ്യക്തമാക്കപ്പെട്ടതുമാണ്. ശത്രുവെന്നും മിത്രമെന്നും മനുഷ്യനെ പലതായി തിരിക്കാതെ ഏവരെയും ഭൗതിക വൈജ്യത്യങ്ങള്‍ക്കു പരിദേവനായ, താന്‍ തന്നെയായിക്കണ്ട് സ്‌നേഹിക്കുവാനും ആദരിക്കുവാനും അംഗീകരിക്കുവാനും സേവിക്കുവാനും കാളിദാസഹിമാലയം പഠിപ്പിക്കുന്നു. ജഡമെന്നു കരുതപ്പെടുന്ന പ്രകൃതി പദാര്‍ത്ഥങ്ങളുടെ ദേവത്വം തിരിച്ചറിഞ്ഞാലേ മലിനീകരണവും പ്രകൃതി ചൂഷണവും പാരിസ്ഥിതിക പ്രശ്‌നങ്ങളും  ആവാസവ്യവസ്ഥ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന  നിലനില്പിന്റെ സങ്കടങ്ങളും അവസാനിക്കുകയുള്ളു. ആകാശത്തിനു ശാന്തിയുണ്ടാകട്ടെ, അന്തരീക്ഷത്തിനു ശാന്തിലഭിക്കട്ടെ, വെള്ളത്തിനു ശാന്തിയുണ്ടാകട്ടെ, സസ്യങ്ങള്‍ക്കു ശാന്തിയുണ്ടാകട്ടെ, ഭൂമിക്കു ശാന്തിയുണ്ടാകട്ടെ, എല്ലാ ദേവന്മാര്‍ക്കും ശാന്തിയുണ്ടാകട്ടെ എന്നു തുടങ്ങുന്ന യജൂര്‍വേദീയ പ്രാര്‍ത്ഥന അവയുടെ ദേവത്വം തിരിച്ചറിഞ്ഞതിന്റെ ഫലമാണ്. ലോകാഃ സമസ്താഃ സുഖിനോഭവന്തു എന്ന പ്രാര്‍ത്ഥനയും ഈ സത്യാനുഭവത്തിന്റെ ഫലമാകുന്നു.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies