തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധനയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വെട്ടിക്കുറയ്ക്കുന്നത് തുടരുന്നു. പാലക്കാട് 75 സര്‍വ്വീസുകളില്‍ ഇന്ന് 30 ശതമാനം കുറവുവരുത്തി. പാലക്കാടുനിന്നും കോയമ്പത്തൂരേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും റദ്ദാക്കി. ഇതോടെ അന്തസ്സംസ്ഥാന സര്‍വ്വീസുകളില്‍ പകുതിയോളം മുടങ്ങി.
പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി ബസ്സിനെ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ആകെ 197 സര്‍വ്വീസുകള്‍ റദ്ദാക്കി. പയ്യന്നൂരില്‍ 22ഉം തലശ്ശേരിയില്‍ 10ഉം കോഴിക്കോട് 24 സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. മലപ്പുറത്ത് ആകെയുള്ള 192 സര്‍വ്വീസുകളില്‍ 35 എണ്ണം റദ്ദാക്കി. മധ്യമേഖലയില്‍ ആകെ 246 സര്‍വ്വീസുകള്‍ ഇന്ന് റദ്ദാക്കി. 25 സര്‍വ്വീസുകളാണ് എറണാകുളത്തു മാത്രം റദ്ദാക്കിയത്. ഇടുക്കിയില്‍ 22ഉം കോട്ടയത്ത് അഞ്ചും സര്‍വ്വീസുകളും റദ്ദാക്കി. കാസര്‍കോട് ജില്ലയില്‍ ഇന്നു രാവിലത്തെ സ്ഥിതിയനുസരിച്ച് 1700 ലിറ്റര്‍ ഡീസല്‍ലാണ് ബാക്കിയുള്ളത്. അതുകൂടി തീരുന്നതോടെ കാസര്‍കോട്ടെ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.
അതേസമയം പ്രതിസന്ധി പരിഹരിക്കുന്നതിനായി ട്രേഡ് യൂണിയന്‍ നേതാക്കളുമായി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചര്‍ച്ച നടത്തി. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എളമരം കരീം, ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പ്രതിസന്ധിക്കു പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തണമെന്ന് യോഗത്തില്‍ ധാരണയായി.
Discussion about this post