തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്രസഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തിന് ശേഷം പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ഡീസല്‍ വിലവര്‍ധനയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യരുതെന്നും യോഗം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതായി ചെന്നിത്തല പറഞ്ഞു. ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലെ പാര്‍ട്ടി തീരുമാനങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഹുലിനെ പാര്‍ട്ടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത പ്രവര്‍ത്തകസമിതി തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കായി സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളെയും ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കേരളയാത്ര നടത്താനും യോഗത്തില്‍ തീരുമാനമായി. ഏപ്രിലില്‍ പതിന്നാല് ജില്ലകളിലും വിപുലമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനങ്ങള്‍ നടത്തും. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Discussion about this post