തിരുവനന്തപുരം: നീതി നിര്‍വഹണത്തില്‍ വിട്ടു വീഴ്ചയോ പ്രീണനമോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രാജ്യത്തിന്റെ 64-ാം റിപ്ളബ്ളിക് ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ന് പൊതുസ്ഥലങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും സ്വന്തം വീടുകളിലുമൊക്കെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. സ്ത്രീകളുടെ സംരക്ഷണം വനിതാ സംഘടനകളുടെയോ സര്‍ക്കാരിന്റെയോ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് സമൂഹത്തിന്റേതു കൂടിയാണ്. നിലവില്‍ നിരവധി നിയമങ്ങള്‍ വനിതാസംരക്ഷണത്തിനുണ്ട്. പുതിയ ശക്തമായ നിയമങ്ങളും സംവിധാനങ്ങളും കൊണ്ടുവരുകയും ചെയ്യാം. പക്ഷേ, ആത്യന്തികമായി സ്ത്രീയും പുരുഷനും തുല്യരാണെന്ന വസ്തുത സമൂഹം അംഗീകരിക്കണം. പൊതുമണ്ഡലത്തിലേക്കു കടന്നുവരുന്ന സ്ത്രീകളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. അങ്ങനെയൊരു മഹത്തായ പൈതൃകം നമുക്കുണ്ടായിരുന്നത് എവിടെയാണു വീണുടഞ്ഞതെന്ന് സ്വയം വിമര്‍ശനം നടത്തി തിരുത്താന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സമീപകാലത്ത് രാജ്യത്തിന്റെ വളര്‍ച്ചയുടെ മുകളിലാണ് കേരളത്തിന്റെ വളര്‍ച്ച. കാല്‍ ദശാബ്ദം മുമ്പ് വെറും രണ്ടു ശതമാനമായിരുന്ന കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 2005-2006ല്‍ 10.06 ശതമാനം എന്ന മാന്ത്രിക അക്കത്തിലെത്തിയിരുന്നു.
2011-12 ല്‍ 9.5 ശതമാനം വളര്‍ച്ചാ നിരക്കുമായി രാജ്യത്തെ അതിവേഗം വികസിക്കുന്ന സംസ്ഥാനമെന്ന നിലയിലെത്താന്‍ കേരളത്തിനു സാധിച്ചു. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ കാര്‍ഷികമേഖലയുടെ കരുത്തില്‍ മുന്നേറുമ്പോള്‍, അവരെക്കാള്‍ അനുകൂല സാഹചര്യമുള്ള കേരളം കാര്‍ഷികരംഗത്ത് പിറകില്‍ നില്ക്കുകയാണ്. മറ്റു രാജ്യങ്ങളിലെ പുരോഗതിയുടെ പങ്കുപറ്റി കേരളത്തിന് അധികകാലം മുന്നോട്ടുപോകാനാവില്ല. ഒരു കാലഘട്ടത്തില്‍ നാണ്യവിളകള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയെങ്കില്‍, ഇനിയുള്ള കാലം അത്യാധുനിക കൃഷി രീതിയിലൂടെ പ്രാഥമിക മേഖലയ്ക്കു വലിയ സംഭാവനകള്‍ നല്കാന്‍ കഴിയണം. എല്ലാ വികസന പദ്ധതികളുടെയും ആത്യന്തിക ലക്ഷ്യം സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ക്ഷേമവും ഉന്നമനവുമാണ്. നിലവിലുള്ള സാമ്പത്തിക പരിമിതികളില്‍പ്പോലും ക്ഷേമപദ്ധതികള്‍ വിപുലമാക്കിയിട്ടുണ്ട്. ആരോരുമില്ലാത്തവരെ തുണയ്ക്കുന്ന ആശ്രയപദ്ധതി എല്ലാ പഞ്ചായത്തുകളും ഏറ്റെടുത്തു. അത് ഈ നാടിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാണ്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു സര്‍ക്കാര്‍ തുടക്കമിടുകയാണ്.
ഒരു ലക്ഷം ഭൂരഹിത കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് വീതം സ്ഥലം ആഗസ്റ് 15നു മുമ്പ് നല്കാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നു. ഭൂരഹിതരും ഭവനരഹിതരുമായി ആരും ഇല്ലാതെ വരുമ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറുന്നത്. എമര്‍ജിംഗ് കേരളയില്‍ യുവസംരംഭകര്‍ക്ക് അടിസ്ഥാനസൌകര്യം നല്കുവാനായി പ്രഖ്യാപിച്ച സ്റാര്‍ട്ട് അപ് പദ്ധതിക്കു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ 527 യുവസംരംഭകര്‍ അപേക്ഷ നല്കി. ഒന്നരലക്ഷം ചതുരശ്ര അടി സ്ഥലമാണ് സര്‍ക്കാര്‍ അവര്‍ക്കു നല്കുന്നത്. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് നാലു ശതമാനം മാര്‍ക്കും ഹാജരില്‍ 20 ശതമാനം ഇളവും നല്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം ചെറുകിട സ്വയംസംരംഭക തൊഴില്‍ പദ്ധതി, പഠനത്തോടൊപ്പം ഏതെങ്കിലും തൊഴില്‍ പഠിക്കാനുള്ള തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതി തുടങ്ങിയവയും യുവസംരംഭകരെ വാര്‍ത്തെടുക്കും. വിലക്കയറ്റം, വരള്‍ച്ച, മാലിന്യനിര്‍മാര്‍ജനം എന്നിവയാണ് സംസ്ഥാനം നേരിടുന്ന ചില പ്രധാന വെല്ലുവിളികള്‍. കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരേ തുടര്‍ന്നും ശക്തമായ നടപടി ഉണ്ടാകും. ഭക്ഷ്യകമ്മിയുള്ള സംസ്ഥാനങ്ങളില്‍ ഒരു രൂപയ്ക്ക് അരി നല്‍കുന്നത് കേരളത്തില്‍ മാത്രമാണ്. വരള്‍ച്ചയെ നേരിടാന്‍ കേരളം നന്നായി തയാറെടുക്കുകയാണ്.
അടിസ്ഥാനസൌകര്യവികസനമാണ് കേരളത്തിന്റെ അടിയന്തരാവശ്യം. കൊച്ചി മെട്രോയുടെയും സ്മാര്‍ട്ട് സിറ്റിയുടെയും തടസങ്ങളെല്ലാം നീങ്ങി. കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു. അഞ്ചു വിമാനത്താവളങ്ങളുള്ള അപൂര്‍വ നാടായി കേരളം മാറുകയാണ്. ഉള്‍നാടന്‍ ജലപാതയും കേരളത്തിന്റെ മെന്റര്‍ സാം പിട്രോഡ നിര്‍ദേശിച്ച തീരദേശ ജലപാതയും മുന്നോട്ടുപോകുന്നു. സാമ്പത്തിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കാന്‍ കഴിയും. ഈ ആത്മവിശ്വാസത്തോടെ ദശകങ്ങള്‍ക്കപ്പുറത്തുള്ള കേരളത്തിനുവേണ്ടി വിഷന്‍ 2030 തയാറാകുകയാണ്. അതു ഭാവി കേരളത്തിനും നമ്മുടെ കുട്ടികള്‍ക്കും വേണ്ടിയുള്ള സമഗ്രമായ പദ്ധതിയായിരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി ദേശീയ പതാകയുയര്‍ത്തിയതോടെ ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചു.പരേഡ് കമാന്‍ഡര്‍ ദക്ഷിണ വായൂസേനാസ്ഥാനത്തെ വിംഗ് കമാന്‍ഡര്‍ മഹേഷ് ബിഷ്തിന്റെയും സെക്കന്‍ഡ് ഇന്‍ കമാന്‍ഡായ തിരുവനന്തപുരം സിറ്റി ആംഡ് റിസര്‍വ് അസിസ്റന്റ് കമാന്‍ഡന്റ് ആര്‍. ബൈജുവിന്റെയും നേതൃത്വത്തിലുള്ള പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു. സായുധ ഘടകങ്ങള്‍, സായുധരല്ലാത്ത ഘടകങ്ങള്‍, അശ്വാരൂഢ പോലീസ്, ബാന്‍ഡുകള്‍ എന്നിവയും അണിനിരന്നു. ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, , പീതാംബരക്കുറുപ്പ് എംപി, കെ.മുരളീധരന്‍ എംഎല്‍എ സ്വാതന്ത്യ്രസമര സേനാനികള്‍, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post