പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോര്‍ തിരുവനന്തപുരത്ത് കവര്‍ച്ച നടത്തിയതായി പോലീസിനോട് സമ്മതിച്ചു. പൂനെയില്‍ എത്തിയ കേരള പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ബണ്ടി കുറ്റസമ്മതം നടത്തിയത്. ബണ്ടിയെ പൂനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കില്ലെന്നാണ് സൂചന. അറസ്റ് രേഖപ്പെടുത്തിയ ഇയാളെ നേരിട്ട് കേരളത്തിലെത്തിക്കാനാണ് പോലീസ് ശ്രമം. എന്നാല്‍ എപ്പോള്‍ കേരളത്തില്‍ എത്തിക്കുമെന്ന് സംബന്ധിച്ച് പോലീസ് വിവരം പുറത്ത് വിട്ടിട്ടില്ല. സുരക്ഷകൂടി കണക്കിലെടുത്ത ശേഷം സമയം തീരുമാനിക്കും. ശനിയാഴ്ച പുലര്‍ച്ചെയാണ് ദേവീന്ദര്‍ സിംഗ് എന്ന ബണ്ടി ചോര്‍ (40) പൂനെ പോലീസിന്റെ പിടിയിലായത്. പൂനെയില്‍ ഹോട്ടലില്‍ മുറിയെടുക്കാന്‍ ബണ്ടി ശ്രമിക്കുന്നതിനിടെ ഇവിടുത്തെ ജീവനക്കാരനായ ഒരു മലയാളി ഇയാളെ തിരിച്ചറിഞ്ഞ് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്നതതല ഇടപെടലിലൂടെ മഹാരാഷ്ട്ര പോലീസ് ശനിയാഴ്ച പുലര്‍ച്ചയോടെ ഹോട്ടലിലെത്തി ബണ്ടിയെ കസ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ നിയോഗിച്ച കേരളാ പോലീസിലെ പ്രത്യേക സംഘം എത്തി ബണ്ടിയെ തിരിച്ചറിഞ്ഞശേഷം രാത്രിയോടെയാണ് വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ബണ്ടിക്കെതിരേ കേസ് നിലവിലുണ്ട്. ജനുവരി 21-ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വന്‍ സുരക്ഷാ സംവിധാനമുള്ള വിദേശ മലയാളിയുടെ വീട്ടില്‍ ബണ്ടി വന്‍ കവര്‍ച്ചയാണ് നടത്തിയത്. ഒരു ആഡംബര കാറിന് പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും, 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും, അര പവന്റെ മോതിരവും രണ്ടായിരം രൂപയും ഇയാള്‍ കവര്‍ന്നു.
Discussion about this post