തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം പൂര്‍ണമായും കംപ്യൂട്ടര്‍വത്ക്കരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അനൂപ് ജേക്കബ്ബ്. കേരളത്തിലെ പൊതുവിതരണ സംവിധാനം കംപ്യൂട്ടര്‍വത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തിരുവനന്തപുരം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിരഹിതവും സുതാര്യവും പരാതി രഹിതവുമായി സാധാരണക്കാരന് അനുവദിക്കപ്പെട്ട അളവില്‍, കൃത്യസമയത്ത് റേഷന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം പരിമിതമാണ്. ഇതു കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തെയും വല്ലാതെ ബാധിക്കുന്നുണ്ട്. ഇതിനെ മറികടക്കാനും ഉത്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യധാന്യങ്ങള്‍ ആവശ്യാനുസരണം വിപണിയിലെത്തിച്ച് കൃത്യ സമയത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികളമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. പൊതുവിതരണ സമ്പ്രദായത്തിന്റെ വിപുലവും ഭീമവുമായ സംവിധാനങ്ങളെല്ലാം കംപ്യൂട്ടര്‍വത്ക്കരിക്കേണ്ടതുണ്ട്. ഇതു വഴി പൊതു വിതരണ സമ്പ്രദായത്തിനു കീഴില്‍ വരുന്ന എല്ലാ റേഷന്‍ കാര്‍ഡുകളിലും ഗുണഭോക്താക്കളുടെ പ്രാഥമികമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും, റേഷന്‍ ക്രമക്കേടുകള്‍ ഒഴിവാക്കാനും കരിഞ്ചന്ത തടയാനും കഴിയും. എല്ലാ ഗുണഭോക്താക്കളെയും സംബന്ധിച്ചുള്ള സമ്പൂര്‍ണമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നത് ഈ രംഗത്ത് സുതാര്യത ഉറപ്പാക്കും. ഇതിനായുള്ള നടപടികളും കംപ്യൂട്ടര്‍വത്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുണമേന്മ ഉറപ്പാക്കുക, വിതരണ സമ്പ്രദായത്തിലെ പോരായ്മകള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുക, വിപണിയില്‍ ഇടപെട്ട് സാധാരണക്കാരന് കൃത്യസമയത്ത് നിര്‍ദേശിത അളവില്‍ സാധനങ്ങളെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇത്തരം കാര്യങ്ങള്‍ക്കായാണ് സംസ്ഥാനത്തെ മുഴുവന്‍ പൊതു വിതരണ സമ്പ്രദായവും കംപ്യൂട്ടര്‍വത്ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഴിമതിയും പരാതികളും ഒഴിവാക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹകരണം ഉറപ്പാക്കും. ഫെയര്‍ചാര്‍ജ് ഓട്ടോമേഷനും സപ്ളൈ ചെയിന്‍ സമ്പ്രദായവും പൂര്‍ണതോതില്‍ ഇതു വരെ സംസ്ഥാനത്ത് നടപ്പായിട്ടില്ല. അതിനായുള്ള നടപടികള്‍ പുരോഗിക്കുന്നുണ്ട്. അംഗീകൃത റേഷന്‍ ഡീലര്‍(എആര്‍ഡി-ഓഥറൈസ്ഡ് റേഷന്‍ ഡീലര്‍), അംഗീകൃത മൊത്ത വിതരണ ഡിപ്പോ(എ.ഡബ്ള്യുഡി-ഓഥറൈസ്ഡ് ഹോള്‍സെയ്ല്‍ ഡിപ്പോ) എന്നിവയില്‍ മതിയായ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപംകൊടുക്കുകയാണ്. ഇതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി.ഹരന്റെ നേതൃത്വത്തിലുള്ള കമ്മിഷനെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖരന്‍, കേന്ദ്ര ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ അനില്‍ സ്വരൂപ്, ഡോ.രഞ്ജനാ നാഗ്പാല്‍, ഡോ.കെ.രാമന്‍, സിവില്‍ സപ്ളൈസ് ഡയറക്ടര്‍ ശ്യാം ജഗനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post