കൊച്ചി: ഐസ്‌ക്രീം അട്ടിമറികേസില്‍ വിഎസ് അച്യുതാനന്ദന് രേഖകള്‍ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി എസ്സിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.
നേരത്തെ ഐസ്‌ക്രീം കേസിലെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ സര്‍ക്കാരിന് പ്രത്യേക താല്‍പര്യമെന്താണെന്ന് ചോദിച്ച കോടതി കേസ് രേഖകള്‍ വിഎസ്സിന് നല്‍കുന്നതിനെ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്നും ചോദിച്ചിരുന്നു.
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നതിനേക്കാള്‍ സാക്ഷിമൊഴികള്‍ അടക്കമുള്ള രേഖകളുടെ പകര്‍പ്പ് നല്‍കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. വാദം തുടരുന്നതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് വിഎസിന് നല്‍കാമെന്ന കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം രേഖകള്‍ മൂന്നാമതൊരാള്‍ക്കു നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു. പൊതുതാല്‍പര്യമുള്ള വിഷയമായതിനാല്‍ മൂന്നാമതൊരാള്‍ക്ക് അന്വേഷണ രേഖകള്‍ നല്‍കാന്‍ ചട്ടമുണ്ടെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post