തിരുവനന്തപുരം: ലളിതഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും മലയാളിയുടെ മനസില്‍ സംഗീതമഴ പെയ്യിച്ച സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍(73) അന്തരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ലളിതഗാനങ്ങളെ ജനകീയമാക്കിയ അതുല്യപ്രതിഭയെന്ന നിലയിലാകും എം.ജി.രാധാകൃഷ്‌ണന്‍ ഓര്‍മിക്കപ്പെടുക. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് 1937 ഓഗസ്‌റ്റ് 12 നജന് നം. പാട്ടുപാടുകയും പാടിപ്പിക്കുകയും ചെയ്‌ത പ്രതിഭയുടെ പിറവിയും സംഗീതകുടുംബത്തില്‍ തന്നെയായിരുന്നു. അമ്പലപ്പുഴ പള്ളിപ്പാട്ടു ഗോപാലന്‍ നായരുടേയും ഹരിപ്പാട്ടുകാരി കമലാക്ഷിയമ്മയുടേയും മൂന്നുമക്കളില്‍ മൂത്തവനായി ജനനം. നാടകവേദികളിലൂടെ കേരളത്തിലെങ്ങും അറിയപ്പെട്ട ചവിട്ടു ഹാര്‍മോണിസ്‌റ്റും സംഗീതജ്‌ഞനുമായിരുന്നു അച്‌ഛന്‍ മലബാര്‍ ഗോപാലന്‍ നായര്‍ (മലബാറുകാര്‍ സ്‌നേഹപൂര്‍വം നല്‍കിയ സ്‌ഥാനപ്പേരാണ് മലബാര്‍). അമ്മ കമലാക്ഷിയമ്മ സംഗീതാധ്യാപിക. ജ്യേഷ്‌ഠന്റെ വഴിയേ സംഗീതലോകത്തു പിച്ചവച്ചു പ്രശസ്‌തരായ, കര്‍ണാടക സംഗീതജ്‌ഞയും സംഗീതാധ്യാപികയുമായ ഡോ.കെ. ഓമനക്കുട്ടിയും ചലച്ചിത്ര പിന്നണിഗായകന്‍ എം.ജി. ശ്രീകുമാറുമാണ് സഹോദരങ്ങള്‍.
ആലപ്പുഴ എസ്‌ഡി കോളജ്, യൂണിവേഴ്‌സിറ്റി ഈവനിങ് കോളജ് എന്നിവിടങ്ങളില്‍ പഠനം. സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്നു ഗാനഭൂഷണം പാസായി. അവിടെവച്ച്, ശെമ്മാങ്കുടിയുടെ കീഴില്‍ സംഗീതമഭ്യസിക്കാനുള്ള അസുലഭ ഭാഗ്യം ലഭിച്ചു. എം.ജി. രാധാകൃഷ്‌ണനെ ഗര്‍ഭത്തിലിരിക്കെയാണ് അമ്മ കമലാക്ഷിയമ്മ സ്വാതിതിരുനാള്‍ സംഗീതകോളജില്‍ `ഗായക കോഴ്‌സിനു ചേരുന്നത്.താന്‍ രണ്ടുതവണ സ്വാതിതിരുനാള്‍ സംഗീത കോളജിലെ ശിഷ്യനായി എന്ന് ഇതേക്കുറിച്ച് അദ്ദേഹം സരസമായി പറയുമായിരുന്നു. അച്‌ഛന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അഗസ്‌റ്റിന്‍ ജോസഫിന്റെ മകന്‍ യേശുദാസ് സംഗീത കോളജില്‍ രാധാകൃഷ്‌ണന്റെ സഹപാഠിയായതു തികച്ചും യാദൃശ്‌്‌ചികം. തായിരുന്നു ഗാനഗന്ധര്‍വന്‍ യേശുദാസുമായുള്ള സൗഹൃദത്തിന്റെ തുടക്കവും.
സംഗീതകോളജിലെ പഠനം കഴിഞ്ഞു താമസിയാതെ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ ജോലി ലഭിച്ചു(1962). അവിടെ ലളിതഗാനങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചു കൊണ്ടാണ് എംജിയിലെ സംഗീതസംവിധായകന്‍ ഹരിശ്രീ കുറിച്ചത്.എം.ജിയുടെ ലളിത സംഗീത ക്ലാസുകള്‍ വ്യാപകമായ ജനപ്രീതി നേടി. കെ.എസ്. ചിത്രയുടെ അച്‌ഛന്‍ കരമന കൃഷ്‌ണന്‍ നായരെ ലളിതഗാനം പഠിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില്‍ അവിസ്‌മരണീയമായ` ഘനശ്യാമസന്ധ്യാഹൃദയം…….., സുജാത ആലപിച്ച `ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും, മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു…., ശ്രീഗണപതിയുടെ.. തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ പിന്നീട് എം.ജി.യുടെ സംഗീതവിസ്‌മയത്തിനു നിദാനങ്ങളായി. 21-ാം വയസില്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലാണ് ആദ്യമായി പാടുന്നത്. രാമായണത്തിലെ സീത…., പല്ലനയാറ്റിന്‍ തീരത്ത് …, ശാരികേ.. ശാരികേ തുടങ്ങി ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ രാധാകൃഷ്‌ണന്റെ ശബ്‌ദത്തില്‍ പിറന്നു. 1978ല്‍ അരവിന്ദന്റെ തമ്പ്, രണ്ടുജന്‍മം എന്നീ രണ്ടു ചിത്രങ്ങള്‍ക്കു സംഗീതം നല്‍കിക്കൊണ്ടായിരുന്നു സിനിമാ സംഗീതസംവിധായകനായുള്ള അരങ്ങേറ്റം. ഓര്‍മകള്‍… ഓര്‍മകള്‍.. ഓലോലം തിരയുമീ ഈണങ്ങളില്‍….. എന്ന ആദ്യം ഗാനം തന്നെ ഹിറ്റായി.
Discussion about this post