തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ ആരോപണം വീണ്ടും അന്വേഷിക്കാന്‍ വകുപ്പില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാവിലെ നിയമസഭയില്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയും സര്‍ക്കാരും നല്‍കിയ പരാതികള്‍ രണ്ടു തവണ സുപ്രീംകോടതി തള്ളിയതാണ്. വ്യക്തികളുടെ അവിശ്വാസം പരിഗണിച്ച് നീതിന്യായ വ്യവസ്ഥ നടപ്പാക്കാന്‍ കഴിയുമോയെന്ന് ചോദിച്ച തിരുവഞ്ചൂര്‍ അതിനു കഴിയില്ലെന്ന് പ്രതിപക്ഷത്തിന് തന്നെ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.
കേസ് തുടക്കം മുതല്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും വിചാരണ തീരും വരെ എജിയെ മാറ്റിനിര്‍ത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതിയാണ് പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയതെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കണമെന്നും നോട്ടീസിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഇക്കാര്യത്തില്‍ കുര്യനെതിരേ എന്തുകൊണ്ടാണ് അന്വേഷണം നടത്താഞ്ഞതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിലെ വനിതാ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. കുര്യനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന പ്ളക്കാര്‍ഡുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയിലുയര്‍ത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രിയുടെ മറുപടി തുടരവേ പ്രതിപക്ഷ നിരയില്‍ നിന്നും അംഗങ്ങള്‍ എഴുന്നേറ്റ് മുന്‍നിരയിലെത്തി പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിന് ചുറ്റും നിന്ന് പ്രതിഷേധവും തുടര്‍ന്നു. സഭ തുടരാന്‍ സ്പീക്കര്‍ ഇടയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു.
Discussion about this post