ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. കേസില്‍ നേരിട്ട് ഹാജരാകാത്തതിന് അരുണാചല്‍പ്രദേശ്, ഗുജറാത്ത്, തമിഴ്നാട് ചീഫ് സെക്രട്ടറിമാരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഫെബ്രുവരി 19 നകം വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു എന്‍ജിഒ സംഘം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമഭേദഗതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റീസ് ജെ.എസ് വര്‍മ കമ്മീഷനും ഇക്കാര്യം ഗൌരവത്തോടെ ചൂണ്ടിക്കാട്ടിയിരുന്നു.
2010 ല്‍ 53,000 കുട്ടികളും 2011 ല്‍ 59,000 കുട്ടികളും അപ്രത്യക്ഷരായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതനുസരിച്ച് ഓരോ എട്ടു മിനിറ്റിലും രാജ്യത്ത് നിന്നും ഒരു കുട്ടിയെ വീതം കാണാതാകുന്നുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളാറില്ലെന്നാണ് ഹര്‍ജി സമര്‍പ്പിച്ച എന്‍ജിഒ സംഘത്തിന്റെ വാദം.
Discussion about this post