പത്തനംതിട്ട: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 67-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം 17 മുതല്‍ 24വരെ പമ്പാ മണല്‍പ്പുറത്തെ ശ്രീധര്‍മശാസ്താ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനനഗറിലേക്കുള്ള ഭദ്രദീപം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര 15നു രാവിലെ എട്ടിന് എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പ്രയാണം ആരംഭിക്കും. രാത്രി ഏഴിനു സമ്മേളനനഗറിലെത്തും. 17ന് രാവിലെ 10.30ന് ഹിന്ദുധര്‍മപരിഷത്ത് പ്രസിഡന്റ് പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി പതാക ഉയര്‍ത്തും.
വൈകുന്നേരം 4.30ന് തിരുവണ്ണാമല ആദിനം ഇളയമഠാധിപതി സ്വാമി ശിവരാജ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ എന്‍.സുഭാഷ് വാസു മുഖ്യാതിഥിയായിരിക്കും. കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും സ്വാമി വേദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണവും നടത്തും. ആന്റോ ആന്റണി എംപി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സാംസ്കാരിക സമ്മേളനം, സ്വാമി വിവേകാനന്ദ അനുസ്മരണം, അയ്യപ്പധര്‍മ സമ്മേളനം, യുവജനസമ്മേളനം, ആചാര്യാനുസ്മരണസമ്മേളനം, വനിതാ സമ്മേളനം, പാഠശാല സമ്മേളനം എന്നിവ ഇതോടനുബന്ധിച്ചു നടക്കും. 22ന് ഉച്ചകഴിഞ്ഞ് ആചാര്യാനുസ്മരണസമ്മേളനം മന്ത്രി എ.പി.അനില്‍ കുമാറും 23നു വനിതാ സമ്മേളനം മന്ത്രി വി.എസ്.ശിവകുമാറും ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചകഴിഞ്ഞ് മൂന്നിനു സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്‍ അധ്യക്ഷത വഹിക്കും. പത്മശ്രീ ജി.മാധവന്‍ നായര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പത്രസമ്മേളനത്തില്‍ പരിഷത്ത് പ്രസിഡന്റ് പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി രാജേഷ് ആനമാടം, ട്രഷറാര്‍ ടി.സി.കുട്ടപ്പന്‍ നായര്‍, സെക്രട്ടറിമാരായ ഇന്ദുലാല്‍, കെ.ജെ.ഷാജി, കെ.ഐ.ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post