കൊച്ചി: പ്രതിരോധ ആയുധ കരാര്‍ ഇടപാടില്‍ ഇടനിലക്കാരി സുബി മാലിയെ സിബിഐ അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിബിഐ വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി സുബി മാലി സഹകരിക്കുന്നില്ലെന്നും സിബിഐയ്ക്കു പരാതിയുണ്ട്.
നാളെ സുബി മാലിയെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഫാക്ടറികള്‍ക്ക് ടാങ്ക് സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കുന്നതില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് മുംബൈയിലുള്ള സുബിഷ് ഇംപെക്‌സ്പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ സുബി മാലിയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സ്‌പെയര്‍ പാര്‍ട്ടുകള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ നേരത്തെ നിശ്ചയിച്ച വിലയേക്കാള്‍ അറുപത് ശതമാനം വര്‍ധിപ്പിച്ച് ഇടനിലക്കാരിയായ സുബി മാലി കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡിന്റെ മുന്‍ എംഡി ഡോ. ഷാനവാസ്, സീനിയര്‍ മാനേജര്‍ വത്സന്‍ എന്നിവരെയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അഴിമതി നിരോധന നിയമം, ഔദ്യോഗിക രഹസ്യ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് അന്വേഷിച്ചത്.
Discussion about this post