തിരുവനന്തപുരം: തിരുവനന്തപുരം ബീമാ പളളിയ്ക്ക് സമീപം വ്യാജ സിഡി വേട്ടയ്ക്കെത്തിയ പോലീസുകാര്‍ക്ക് മര്‍ദ്ദനം. പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റി പൈറസി സെല്‍ എഎസ്ഐ തുളസീധരനും രണ്ടു തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. സ്ഥലത്ത് റെയ്ഡിനെത്തിയ കേരള, തമിഴ്നാട് പോലീസ് സംഘം കടകളില്‍ പരിശോധന നടത്തുന്നതിനിടെ പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പുതിയ ചിത്രം വിശ്വരൂപത്തിന്റെ വ്യാജ സിഡി കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമായതിനെതിരേ നടന്‍ കമല്‍ഹാസന്‍ തമിഴ്നാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി തമിഴ്നാട് പോലീസ് തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറി. ഇതേതുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംഘം ബീമാപള്ളിയില്‍ തെരച്ചിലിനെത്തിയത്. ബീമാപള്ളി പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൂന്നു കടകളില്‍ റെയ്ഡ് നടത്തിയശേഷം പോലീസ് പിന്‍വാങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍ ‘വിശ്വരൂപം’ സിഡിയുമായി പിടിയിലായ ആളില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ചാണ് തമിഴ്നാട് പോലീസ് കേരളാ പോലീസിന്റെ സഹകരണത്തോടെ ബീമാപള്ളിയില്‍ തെരച്ചിലിന് എത്തിയത്. മൂന്നുകടകളില്‍ മാത്രം നടത്തിയ തെരച്ചിലില്‍ വിശ്വരൂപത്തിന്റെ 350 -ലധികം വ്യാജ സിഡികളാണ് പിടിച്ചത്.
Discussion about this post