കൊച്ചി: കലൂര്‍ സ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ എഴുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്ക് താരവിരുന്നൊരുക്കി അമ്മ കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് മൂന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റിനായിരുന്നു മുംബൈ ഹീറോസിനെ അമ്മ കേരള താരങ്ങള്‍ തോല്‍പിച്ചത്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഹീറോസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ അഞ്ച് പന്തുകള്‍ ശേഷിക്കെ അമ്മ കേരള സ്ട്രൈക്കേഴ്സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു പ്രൊഫഷണല്‍ ട്വന്റി-20 മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന അന്തരീക്ഷമായിരുന്നു കലൂര്‍ സ്റേഡിയത്തില്‍.
ഓപ്പണര്‍മാരായി ഇറങ്ങിയ രാജീവ് പിള്ളയും നവീന്‍ പോളിയും കേരള സ്ട്രൈക്കേഴ്സിന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ രണ്ടു പന്തുകള്‍ അതിര്‍ത്തി കടത്തി മിന്നുന്ന ഫോമിന്റെ സൂചനകള്‍ നല്‍കിയ നവീന്‍ പോളി പെട്ടന്ന് പുറത്തായത് സ്ട്രൈക്കേഴ്സിന് അപ്രതീക്ഷിത പ്രഹരമായി. എന്നാല്‍ രാജീവ് പിള്ള ഒരു വശത്ത് ഉറച്ചു നിന്നതോടെ മത്സരത്തിന്റെ കടിഞ്ഞാണ്‍ സ്ട്രൈക്കേഴ്സിന്റെ കൈയ്യില്‍ തന്നെയായിരുന്നു. എന്നാല്‍ ആറാമത്തെ ഓവറില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. രാജീവ് പിള്ളയുടേത് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ ഈ ഓവറില്‍ നഷ്ടമായി. കളിയുടെ നിയന്ത്രണം മുംബൈ ഹീറോസിന്റെ ബൌളര്‍മാരില്‍ പൂര്‍ണമായി എത്തിയ നിമിഷങ്ങളായിരുന്നു അത്. 17 പന്തുകള്‍ നേരിട്ട രാജീവ് പിള്ള 16 റണ്‍സെടുത്തു. റണ്‍സൊന്നുമെടുക്കാതെ ഇന്ദ്രജിത്തും ഒരു റണ്‍സെടുത്ത് മദന്‍ മോഹനുമാണ് ഈ ഓവറില്‍ രാജീവ് പിള്ളയ്ക്കൊപ്പം പുറത്തായത്. തുടരെയുള്ള വിക്കറ്റ് നഷ്ടത്തില്‍ പകച്ചു നിന്ന കേരള സ്ട്രൈക്കേഴ്സിന് സുമേഷും അര്‍ജുനും ചേര്‍ന്ന കൂട്ടുകെട്ടാണ് പുതുജീവന്‍ പകര്‍ന്നത്. 44 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 22 പന്തില്‍ നിന്ന് സുമേഷ് 34 റണ്‍സ് നേടി. സുമേഷ് പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. ഇതോടെ കളി സ്ട്രൈക്കേഴ്സിനെ സംബന്ധിച്ച് കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു. 18 പന്തില്‍ നിന്ന് 18 റണ്‍സുമായി അര്‍ജുനും വൈകാതെ പുറത്തായി. പിന്നീട് ക്രീസിലെത്തിയ വിവേക് ഗോപനും ബിനീഷ് കോടിയേരിയുമാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
Discussion about this post