തിരുവനന്തപുരം: കവി ഡി വിനയചന്ദ്രന്‍(67) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയം, വൃക്കകള്‍, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. സംസ്‌കാരം നാളെ കൊല്ലം പടിഞ്ഞാറേ കല്ലടയിലെ വീട്ടുവളപ്പില്‍ നടക്കും.
രക്തസമ്മര്‍ദം താഴ്ന്നതിനാല്‍ ഡയാലിസിസ് ചെയ്യാന്‍ കഴിഞ്ഞില്ല. ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചിരുന്നെങ്കിലും ആരോഗ്യനില അതീവഗുരുതരമായതിനാല്‍ നിലവിലെ ചികിത്സ തുടരുകയായിരുന്നു. മരണ സമയത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
1946 മെയ് 16 ന് കൊല്ലം ജില്ലയിലാണ് ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ഇപ്പോള്‍ മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നു. അവിവാഹിതനാണ് വിനയചന്ദ്രന്‍.
നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകള്‍, വീട്ടിലേയ്ക്കുള്ള വഴി, ദിശാസൂചി, സമയമാനസം തുടങ്ങിയവ പ്രധാന കവിതാസമാഹാരങ്ങളാണ്. പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 1992ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2006ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചു.
മലയാള കവിതയില്‍ മണ്ണിന്റെ തനിമയും ജൈവികതയും അടയാളപ്പെടുത്തിയാണ് ഡി വിനയചന്ദ്രന്‍ മടങ്ങുന്നത്. വായ്ത്താരികളില്‍ ഇടകലര്‍ന്ന നാട്ടുഭാഷയുടെ പശിമ അദ്ദേഹത്തിന്റെ കവിതകളെ ഏറെ ജനകീയമാക്കി. യാത്രകളെയും പ്രകൃതിയെയും ഏറെ സ്‌നേഹിച്ച കവിയായിരുന്നു വിനയചന്ദ്രന്‍.
Discussion about this post