തിരുവനന്തപുരം: ശബരിമലയിലെ അപ്പത്തിന്റെയും അരവണയുടെയും നിര്‍മ്മാണം ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ വര്‍ഷത്തെ തീര്‍ത്ഥാടനം പ്രശ്‌നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാനായതില്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും എ.വി.രാമകൃഷ്ണപിള്ളയും സന്തുഷ്ടി രേഖപ്പെടുത്തി.
ശബരിമല ഉത്സവ നടത്തിപ്പ് സംബന്ധിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചപ്പോഴാണ് അപ്പത്തിന്റെയും അരവണയുടെയും നിര്‍മ്മാണം ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇക്കുറി തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്ത അപ്പത്തിന്റെയും അരവണയുടെയും ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. കരാര്‍ നല്‍കിയും ദിവസക്കൂലിക്ക് ആളെ വെച്ചുമാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് അപ്പവും അരവണയും തയ്യാറാക്കുന്നത്. ഇതു മാറ്റി ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ചുമതല ഏല്പിക്കണം.
അടുത്ത തീര്‍ത്ഥാടനകാലം സുഗമമായി നടത്തുന്നതിന് ഇതടക്കം ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബറിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ ദേശീയപാത വിഭാഗവും പൊതുമരാമത്ത് വകുപ്പും നടപടിയെടുക്കണം. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്ന ഉന്നതാധികാര സമിതിയും ദേവസ്വം ബോര്‍ഡും സന്നിധാനത്തെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അങ്ങേയറ്റം പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണം. ഒരു ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റിനെയെങ്കിലും നിയോഗിക്കുക വഴി സന്നിധാനത്തും പമ്പയിലുമുള്ള പരിസ്ഥിതി വിഭാഗത്തിന്റെ അംഗബലം ദേവസ്വം ബോര്‍ഡ് വര്‍ദ്ധിപ്പിക്കണം. കുന്നാര്‍ ഡാമില്‍ നിന്ന് ഒഴുകിപ്പോകുന്ന വെള്ളം പ്രയോജനപ്പെടുത്തുന്നതിന് ഒരു പൈപ്പ്‌ലൈന്‍ കൂടി അടിയന്തിരമായി സ്ഥാപിക്കണം. പമ്പാ മണല്‍പ്പുറത്തെ താല്‍ക്കാലിക കെട്ടിടങ്ങളില്‍ അന്നദാനത്തിന് സൗകര്യമേര്‍പ്പെടുത്തിയ ശേഷം ബാക്കി സ്ഥലം മാത്രം വ്യാപാരികള്‍ക്ക് ലേലം ചെയ്തു കൊടുത്താല്‍ മതിയെന്ന് കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ ചീഫ് കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ.ബാബു, എ.ഡി.ജി.പി. പി.ചന്ദ്രശേഖരന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു തുടങ്ങിയ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും എ.വി.രാമകൃഷ്ണപിള്ളയും വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണറായി ആലപ്പുഴ ജില്ലാ കളക്ടര്‍ പി.വേണുഗോപാലിനെ നിയമിക്കാനും ഉത്തരവായി.
Discussion about this post