ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിയിലെ അന്വേഷണത്തിനായി സിബിഐ സംഘം തിങ്കളാഴ്ച്ച ഇറ്റലിയിലേക്ക് തിരിക്കും. ഇറ്റാലിയന്‍ അഭിഭാഷകരുമായി സംഘം കൂടിക്കാഴ്ച നടത്തും. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും സിബിഐയുടെ ലോ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായിരിക്കും സിബിഐയില്‍നിന്നുണ്ടാകുക. സിബിഐക്കൊപ്പം പ്രതിരോധ ജോയിന്റ് സെക്രട്ടറിയും ഇറ്റലിയിലേക്ക് പോകുന്നുണ്ട്. രേഖകള്‍ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റാലിയന്‍ കോടതി തള്ളിയിരുന്നു.
ഹെലികോപ്ടര്‍ അഴിമതി സംബന്ധിച്ച രേഖകള്‍ ഇന്ത്യയ്ക്ക് നല്‍കണമെന്ന ആവശ്യം ഇറ്റാലിയന്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഇപ്പോള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇറ്റലിയുടേയും വിമാന നിര്‍മ്മാണ കമ്പനിയുടേയും അഭിഭാഷകര്‍ക്ക് മാത്രമേ നല്‍കൂ. ഇന്ത്യയുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇടപാടിലെ രേഖകള്‍ നല്‍കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നെങ്കിലും രേഖ നല്‍കില്ലെന്ന നിലപാടിലായിരുന്നു ഇറ്റലി.
ഇതേസമയം അഴിമതി കേസില്‍ സിബിഐ ഇനിയും കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസെടുക്കാനുള്ള വിശദാംശങ്ങള്‍ തേടി സിബിഐ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ലഭ്യമാകാത്തതിനെ തുടര്‍ന്ന് റോമിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തേയും ഇന്റര്‍പോളിനേയും സിബിഐ ബന്ധപ്പെട്ടെങ്കിലും കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകള്‍ കിട്ടിയില്ല. പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും ഒരു എയര്‍ കമഡോറും സിബിഐയോട് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.
കരാര്‍ റദ്ദാക്കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഓഗസ്ത വെസ്റ്റ്‌ലാന്‍ഡ് അറിയിച്ചു. ചില സംശയങ്ങള്‍ക്ക് 7 ദിവസത്തിനകം മറുപടി നല്‍കാനാണ് ഇന്ത്യ ആവശ്യപ്പെട്ടതെന്നും മറുപടി തയ്യാറാക്കി വരുകയാണെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ ഐഡിഎസ് ഇന്ത്യ എന്ന പേരില്‍ കൈക്കൂലി പണമെത്തിച്ച ഛണ്ഡീഗഡിലെ ഐഡിഎസ് ഇന്‍ഫോടെക്ക് എയറോമെട്രിക്‌സ് എന്നിവിടങ്ങളില്‍ സിബിഐ സംഘം പരിശോധന നടത്തി. എയറോമെട്രിക്‌സ് ഉടമ പ്രവീണ്‍ ഒളിവിലാണ്.
Discussion about this post