മണ്ണുത്തി: വാത്സല്യത്തോടെ തഴുകിയിരുന്ന കൈകള്‍ മനോവിഭ്രാന്തിക്ക് കീഴടങ്ങിയപ്പോള്‍ നഷ്ടപ്പെട്ടത് കുരുന്നുജീവന്‍. ചിരിച്ചും കളിച്ചും നാട്ടുകാരുടെ പൊന്നോമനയായി മാറിയിരുന്ന മുക്കാട്ടുകര പെല്ലിശേരി മേജോയുടെ മകള്‍ ഏയ്‌ഞ്ചലിന്റെ മരണം സ്വന്തം മുത്തച്ഛന്റെ കൈകളാല്‍ സംഭവിച്ചത് നാടിനും വിശ്വസിക്കാനായിട്ടില്ല.
വൈകീട്ട് ഏയ്‌ഞ്ചലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വന്‍ ജനാവലിയാണ് ഈറനണിഞ്ഞ കണ്ണുകളുമായി കുരുന്നിനെ അവസാനനോക്ക് കാണാനായി എത്തിയത്. പലപ്പോഴും ജോര്‍ജ് വീടിനു പുറത്തിറങ്ങുമ്പോഴും സമീപത്തെ കടയിലേക്ക് പോകുമ്പോഴും ഏയ്‌ഞ്ചലും കൈകളിലുണ്ടാകുമായിരുന്നുവെന്ന് സമീപവാസികള്‍ ഓര്‍ക്കുന്നു. ഏറെ സ്‌നേഹത്തോടെയായിരുന്നു കുഞ്ഞിനോടുള്ള ജോര്‍ജിന്റെ പെരുമാറ്റവും.
എന്നാല്‍ ഇന്നലെ സംഭവിച്ചതെന്തെന്ന് വ്യക്തമായി പറയാന്‍ ബന്ധുക്കള്‍ക്കു പോലുമാകുന്നില്ല. മാനസിക വിഭ്രാന്തിയ്‌ക്ക് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് നാട്ടുകാരും പോലീസും പറയുന്നു. എന്നാല്‍ ഇതുവരെയും അസ്വാഭാവികമായ പ്രവൃത്തികളൊന്നും ജോര്‍ജ് ചെയ്‌തിട്ടില്ല. പ്രഷര്‍ കൂടിയപ്പോള്‍ പെട്ടെന്ന് അധികരിച്ച മാനസിക വിഭ്രാന്തിയില്‍ കൃത്യം ചെയ്‌തതായിരിക്കാമെന്നാണ് അനുമാനം. ഉറങ്ങിക്കിടന്ന ഏയ്‌ഞ്ചല്‍ പെട്ടെന്നെഴുന്നേറ്റ് കരഞ്ഞതിനെ തുടര്‍ന്ന് പ്രഷര്‍ അധികരിച്ചപ്പോള്‍ ചെയ്‌തതാണെന്നും പറയുന്നു.
സമീപവാസികളോട് കളിയും ചിരിയും കൊഞ്ചലുമായി ഇടപഴകിയിരുന്ന ഏയ്‌ഞ്ചലിന്റെ മരണം വീട്ടുകാരെ മാത്രമല്ല, നാട്ടുകാരെയും ഏറെ തളര്‍ത്തി. വീടിനകത്ത് തളം കെട്ടിയ രക്തം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഏയ്‌ഞ്ചലിനെ മുത്തച്ഛന്റെ അടുത്തിരുത്തി അയല്‍ക്കൂട്ടത്തിനു പോയ മുത്തശി മാഗിക്കും സംഭവിച്ച കാര്യങ്ങള്‍ വിശ്വസിക്കാനാവുന്നില്ല. ഇതേവരെ കുഞ്ഞിനെ ഒന്ന് വേദനിപ്പിക്കുക പോലും ചെയ്‌തിട്ടില്ലാത്ത ജോര്‍ജില്‍ നിന്നും എങ്ങനെ ഇതു സംഭവിച്ചുവെന്നതാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസിലാകാത്തത്. പോലീസ് കസ്‌റ്റഡിയിലെടുത്ത ശേഷം സംഭവസ്ഥലത്ത് കൊണ്ടുവന്നപ്പോഴും ജോര്‍ജ് നിസംഗനായിരുന്നു.
Discussion about this post