ന്യൂഡല്‍ഹി: വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീരപ്പന്റെ നാല് കൂട്ടാളികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇവരുടെ വധശിക്ഷ നടപ്പാക്കുന്നത് ഇന്ന് വരെ കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മൈന്‍ സ്‌ഫോടനത്തിലൂടെ 21 പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വീരപ്പന്റെ നാല് അനുയായികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. ജ്ഞാനപ്രകാശം, സൈമണ്‍, മീസകാര്‍ മതയ്യ, ബിലവേന്ദ്രന്‍ എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. ഇതേതുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ആവശ്യം ശനിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.
പോലീസുകാരടക്കം 22 പേരെ വധിച്ച കേസില്‍ 2004ലാണ് ഇവര്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. ഇതിന് ആസ്പദമായ സംഭവമുണ്ടായത് 1993ലാണ്. കര്‍ണാടകത്തിലെ പലാറിലാണ് മൈന്‍ സ്‌ഫോടനം നടത്തി ഇവര്‍ പോലീസുകാരെ കൊലപ്പെടുത്തിയത്.
Discussion about this post