പത്തനംതിട്ട: മുലൂര്‍ അവാര്‍ഡ് കവി എസ്. രമേശന്‍നായരുടെ ഗുരുപൌര്‍ണമി എന്ന കവിതാസമാഹാരത്തിനു നല്കും. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 10-നു കവിയുടെ 144-ാം ജന്മദിനത്തോടനുബന്ധിച്ച ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ (കേരളവര്‍മസൗധം) നടക്കുന്ന ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ് അവാര്‍ഡുദാനം നിര്‍വഹിക്കും. സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
70 കൃതികളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണനയ്ക്കു ലഭിച്ചത്. കവിതകള്‍, വിവര്‍ത്തനങ്ങള്‍, ബാലസാഹിത്യകൃതികള്‍, നാടകങ്ങള്‍ എന്നിവയുടെ രചന നിര്‍വഹിച്ചിട്ടുള്ള രമേശന്‍നായര്‍ ഗാനരചനകളും നടത്തിയിട്ടുണ്ട്. ബാലസാഹിത്യപുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആശാന്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രഫ. ചെറുകുന്നം പുരുഷോത്തമന്‍, ഡോ. മോഹനാക്ഷന്‍ നായര്‍, ഡോ. വി.എസ്. ലതിക എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡു നിര്‍ണയം നടത്തിയത്.
Discussion about this post