ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഭരണപ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. ഗതാഗതം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകള്‍ പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ഇടത് എം.പിമാര്‍ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌കരിക്കും. ഡല്‍ഹിയില്‍ സ്വകാര്യവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ഏതാനും സര്‍ക്കാര്‍ ബസ്സുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലെ ഓട്ടോ ടാക്‌സി തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിശ്ചലമാണ്. ഇന്നലെ ആക്രമണം ഉണ്ടായ നോയിഡയില്‍ പോലീസിന് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉത്തരേന്ത്യയില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പശ്ചിമബംഗാളില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗളൂരില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ലെങ്കിലും ഐടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലും പണിമുടക്ക് ബന്ദിന്റെ പ്രതീതിയില്‍ തുടരുകയാണ്. കൊച്ചി കളമശ്ശേരിയില്‍ സിനിമാ സംഘത്തിന് നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട മുംബൈ പോലീസ് എന്ന ചിത്രത്തിന്റെ സംഘത്തിന് നേരെയാണ് സമരാനുകൂലികള്‍ കല്ലെറിഞ്ഞത്. ഇതുതുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ജോലിക്കെത്തിവയരെ സമരാനുകൂലികള്‍ തടഞ്ഞു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ കണ്ടെയ്‌നര്‍ നീക്കം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. എറണാകുളത്തെ മറ്റ് വ്യവസായ സ്ഥാപനങ്ങളുടെ അടഞ്ഞുകിടക്കുകയാണ്.
മലബാര്‍ മേഖലയില്‍ പൊതുപണിമുടക്ക് പൂര്‍ണമാണ്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. ആശുപത്രി, പത്രം, പാല്‍ തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി ജീവനക്കാരൂം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെ.എസ്. ആര്‍.ടി.സി.യിലെ തൊഴിലാളി യൂണിയനുകളും പണിമുടക്കുന്നതിനാല്‍ ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിച്ചു.













Discussion about this post