ലക്നോ: തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശവ്യാപക പണിമുടക്കിന്റെ ഭാഗമായി നോയിഡയില്‍ ഇന്നെലെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 71 പേരെ പോലീസ് അറസ്റ്റു ചെയ്തു. 64 കേസുകള്‍ പോലീസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് നോയിഡ. നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഫാക്ടറികള്‍ക്ക് നേരെയായിരുന്നു അക്രമം. ഒരു ഫയര്‍ എന്‍ജിന്‍ വാഹനവും 24 കാറുകളും സമരാനുകൂലികള്‍ കത്തിച്ചിരുന്നു. പന്ത്രണ്ട് കാറുകള്‍ തല്ലിത്തകര്‍ക്കുകയും കേടുപാട് വരുത്തുകയും ചെയ്തു. ഫാക്ടറി കെട്ടിടങ്ങള്‍ക്കും ഇവര്‍ കല്ലെറിഞ്ഞ് കേടുപാട് വരുത്തി. ചില ഫാക്ടറികള്‍ക്കുള്ളിലെ സാധനങ്ങളും നശിപ്പിച്ചു. ഉച്ചയോടെ തുടങ്ങിയ അക്രമം മണിക്കൂറുകള്‍ക്ക് ശേഷമാണ് ശാന്തമായത്. അറുനൂറു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ഫാക്ടറി ഉടമകളുടെ പ്രാഥമിക വിലയിരുത്തല്‍. സംഘര്‍ഷത്തെക്കുറിച്ച് ക്രമസമാധാന പാലനച്ചുമതലയുള്ള എഡിജിപി അരുണ്‍ കുമാറും ആഭ്യന്തര സെക്രട്ടറി രാകേഷും അടങ്ങുന്ന രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.എം ശ്രീവാസ്തവ വ്യക്തമാക്കിയിരുന്നു. പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് പ്രദേശത്ത് ശക്തമായ പോലീസ് സാന്നിധ്യമുണ്ട്.
Discussion about this post