ഡോ. അദിതി
രാജാവ് അണിമാണ്ഡവ്യന് നല്‍കിയ നിഷ്ഠൂരമായ ശിക്ഷയുടെ ഒരു പ്രതിഫലനമാണ് ധര്‍മ്മ ദേവനു കിട്ടിയ ഈ ശാപം. മൗനവ്രതം ആചരിക്കയാല്‍ രാജപാലകന്മാരുടെ ചോദ്യത്തിന് ഉത്തരം പറയുവാന്‍ മുനിക്കു കഴിയുമായിരുന്നില്ല. രാജസന്നിധിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോഴും അതേ കാരണം കൊണ്ടുതന്ന മുനിക്ക് തന്റെ നിരപരാധിത്വം വെളിവാക്കാന്‍ പറ്റിയില്ല. അതുകൊണ്ട് സ്വാഭാവികമായും രാജാവ് മുനിയെയും തെറ്റിദ്ധരിച്ചു. ശൂലത്തിലേറ്റാന്‍ വിധിക്കുകയും ചെയ്തു.
രാജപാലകരുടെ ചോദ്യത്തിനും രാജാവിന്റെ ചോദ്യത്തിനും മൗനം ദീക്ഷിച്ച ഋഷിയുടെ നിലപാട് ശരിയാണോ അല്ലയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനു ശേഷമേ ശിക്ഷയുടെ ന്യായാന്യായത്തിലേക്ക് കടക്കാന്‍ പറ്റുകയുള്ളൂ. ഇവിടെ സാധാരണക്കാരനുണ്ടാകാവുന്ന ധാരാളം സംശയങ്ങളുണ്ട്. അന്യായമായിതന്നെ കുരിശിലേറ്റിയപ്പോള്‍ എന്തുകൊണ്ടാണ് ആ ഋഷി രാജപാലകരേയും രാജാവിനെയും ശപിക്കാത്തത്? ശപിക്കണമെങ്കില്‍ മൗനം ഉപേക്ഷിക്കേണ്ടേ? മൗനവൃതത്തിലാകയാല്‍ അതിനു കഴിഞ്ഞില്ല.
മൗനം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ രാജസേവകര്‍ ആശ്രമകവാടത്തിലെത്തി കള്ളന്മാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍തന്നെ സത്യം പറഞ്ഞത് ഈ ആപത്തില്‍നിന്ന് ഒഴിവാക്കാമായിരുന്നല്ലോ? മൗനവ്രതം ഉപേക്ഷിച്ചാല്‍ അദ്ദേഹത്തിന്റെ തപസ്സ് മുടങ്ങും. മൗനവ്രതം തുടര്‍ന്നാല്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ശിക്ഷകിട്ടും.
ഏതാണ് കൂടുതല്‍ സ്വീകാര്യം. വ്രതം മുടക്കുന്നതിനേക്കാള്‍ കായികപീഢനവും അകാലമരണവുമാണ്. അണിമാണ്ഡവ്യനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സ്വീകാര്യം. എന്തൊക്കെയായാലും അവസാനനിമിഷമെങ്കിലും ദുരന്തമൊഴിവാക്കാന്‍വേണ്ടി അദ്ദേഹത്തിനു മൗനം ഉപേക്ഷിക്കാമായിരുന്നു. പ്രകൃതത്തില്‍ അണിമാണ്ഡവ്യന്റെ നിലപാട് ആത്മഹത്യക്കു തുല്യമാണ്.
ആത്മഹത്യ ധര്‍മ്മശാസ്ത്രമനുസരിച്ച് പാപമാണ്. മൗനം ഉപേക്ഷിച്ചുകൊണ്ടുതന്നെ കുറ്റവാളിയായി പിടിച്ചുകൊണ്ടുപോയതിനും അന്യായമായി ശിക്ഷ ഏര്‍പ്പെടുത്തിയതിനും രാജപാലകരെയും രാജാവിനെയും ഋഷിക്കു ശപിക്കാമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള രണ്ടു ശാപം ഋഷിക്ക് തപസ്സുകൊണ്ടു ഉദ്ദേശിച്ചഫലം ചെയ്യുമോ? മാറ്റമില്ലാത്ത മൗനം മാത്രമേ തനിക്കു ലക്ഷ്യം നേടിത്തരുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
എന്നാല്‍ ഇവിടെ അരങ്ങേറിയ രീതിയിലുള്ള ഒരു സംഭവത്തില്‍ ആര്‍ക്കെങ്കിലും മൗനം ആചരിക്കാന്‍ പറ്റുമോ? കുന്തത്തിന്റെ കൂര്‍ത്തമുനകള്‍ ശരീരാന്തര്‍ഭാഗത്തേക്ക് തുളച്ചുകയറുമ്പോള്‍ ഏതു മൗനിയും ഒന്നു ഞരങ്ങലിന്റെ ശബ്ദമെങ്കിലും പുറപ്പെടുവിച്ചുപോകും.
എന്നാല്‍ അസാമാന്യമായ ഋഷിയുടെ ആ സഹനശക്തിയെ കുന്തത്തിന്റെ കൂര്‍ത്തമുനകള്‍ക്കുപോലും ഇളക്കാന്‍ പറ്റിയില്ല. സംഭവത്തിന്റെ പരിണിതഫലങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്. ആ മഹാന്റെ മുന്നില്‍ ദണ്ഡനമസ്‌ക്കാരം ചെയ്യാതെ ആര്‍ക്കെങ്കിലും കടന്നുപോകാന്‍ പറ്റുമോ?
ശൂലത്തില്‍കിടന്നും തപസ്സനുഷ്ഠിക്കുകയാല്‍ ശൂലംപോലും അദ്ദേഹത്തിന്റെ ശരീരഭാഗമായിമാറിപ്പോയിരുന്നു. അതുകൊണ്ടാണ് ശൂലം കയറ്റിയവര്‍ക്കുപോലും ഊരിയെടുക്കാന്‍ സാധിക്കാതെപോയത്. ദൃഢമായ മൗനവൃതം ആചരിക്കണം എന്ന അണിമാണ്ഡവ്യന്റെ നിശ്ചയം ഫലവത്തായി. ഋഷിയുടെ നിലപാട് ധാര്‍മ്മികമായിരുന്നു. കുറ്റം ചെയ്യാത്ത ഒരാളെ അപ്രകാരം തിരിച്ചറിയുന്നതില്‍ രാജാവ് പരാജയപ്പെട്ടു.
അണിമാണ്ഡവ്യന് നിജസ്ഥിതിവെളിവാക്കാന്‍ പറ്റാത്തത് മൗനവൃതംകൊണ്ടാണ്. ഈ ലോകത്ത് കുറ്റം ആരോപിക്കപ്പെടുന്ന എല്ലാവര്‍ക്കും താന്‍ കുറ്റവാളിയല്ലായെന്ന് സമര്‍പ്പിക്കാനുള്ള കഴിവില്ലായിരിക്കും. ഓരോ വ്യക്തിയുടെയും മാനസികമായ അവസ്ഥയും ബൗദ്ധികമായ ശക്തിയും ഭിന്നമാണല്ലോ?
അതുകൊണ്ട് കുറ്റവാളികളില്‍ ചിലര്‍ നിരപരാധികളാണെന്ന് സമര്‍ത്ഥിച്ചേക്കും. നിരപരാധിക്ക് ചിലപ്പോള്‍ കുറ്റവാളിയല്ല എന്ന് സമര്‍ത്ഥിക്കാന്‍ പറ്റിയില്ലെന്നും വരും.
എന്നാല്‍ വിധികല്പ്പിക്കുന്ന ന്യായാധിപന്‍ വ്യക്തികളുടെ മാനസികാവസ്ഥയും, സത്യം വെളിപ്പെടുത്തുന്നതിനുള്ള കഴിവുകുറവും എല്ലാം കണക്കിലെടുത്തുവേണം ഒരു നിര്‍ണയത്തിലെത്തുവാനും ശിക്ഷനടപ്പിലാക്കുവാനും.
ഒരുവന്‍ ഏതു തരത്തില്‍ അതിശക്തനായാലും അത് നിരപരാധിയായ ഒരാള്‍ക്ക് ശിക്ഷ കൊടുക്കാന്‍ ഇടവരുത്തരുത്. കൗശലപൂര്‍വ്വമായ വിശദീകരണവും തെളിവുനല്‍കലുമാണ് നീതിനിര്‍വഹണത്തിന് പ്രധാനമെങ്കില്‍ കൗശലംകുറഞ്ഞ അനേകം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടുപോകും. പ്രകൃതത്തില്‍ രാജാവ് വേണ്ടുംവിധം ഇക്കാര്യത്തില്‍ ചിന്തിച്ചതായി തോന്നുന്നില്ല. രാജപാലകരുടെ അറിയിപ്പിനെ പ്രമാണമാക്കി ശിക്ഷിക്കുകയായിരുന്നു ഇവിടെ. അതുകൊണ്ടുതന്നെ അണിമാണ്ഡവ്യന് കൊടുത്ത ശിക്ഷ അന്യായമായിപ്പോയി.
Discussion about this post