ന്യഡല്‍ഹി: പാലക്കാട് പോലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം ഉടന്‍ നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാലാഴ്‌ചക്കകം നഷ്‌ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. സമ്പത്തിന്റെ കുടുംബത്തിന് ധനസഹായം നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കമ്മീഷന്‍ തള്ളി. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നഷ്‌ടപരിഹാരം നല്‍കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
പാലക്കാട് പൂത്തൂര്‍ ഷീലയെ വധിച്ച കേസിലെ പ്രധാനപ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചെന്നാണ് കേസ്. രണ്ടു ഐപിഎസ് ഓഫീസര്‍മാര്‍ക്കെതിരെയും ആരോപണമുയര്‍ന്ന കസ്റ്റഡിമരണക്കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്.
ബൂട്ടും ലാത്തികൊണ്ടും നെഞ്ചിലേറ്റ മര്‍ദനമാണ് സമ്പത്തിന്റെ മരണത്തിനിടയാക്കിയത്. കേസിലെ പ്രതിയാണെങ്കില്‍പ്പോലും ആര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇത് ലംഘിക്കപ്പെട്ടുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നാലാഴ്‌ചക്കകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Discussion about this post