യാങ്കോണ്‍: മ്യാന്‍മറിലെ ജനാധിപത്യ പോരാളി ആങ് സ്യാന്‍ സ്യൂചിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം ഒപ്പിട്ടു. പട്ടാള ഭരണകൂടത്തിന്റെ തലവന്‍ സീനിയര്‍ ജനറല്‍ താന്‍ ഷൂ ആണ് ഉത്തരവില്‍ ഒപ്പിട്ടത്. നാളെയാണ് സ്യൂചിയുടെ തടങ്കലിന്റെ കാലാവധി അവസാനിക്കുക.
ഇതിനുമുമ്പ് 2002ല്‍ തടവില്‍നിന്നു മോചിതയായപ്പോള്‍ സ്യൂചി രാഷ്ട്രീയപ്രവര്‍ത്തനം പുനരാരംഭിക്കുകയും അവര്‍ സംഘടിപ്പിച്ച പൊതുസമ്മേളനങ്ങള്‍ക്ക് ജനം ഇരമ്പിക്കൂടുകയും ചെയ്തു. വൈകാതെ അവര്‍ വീണ്ടും അഴികള്‍ക്കുള്ളിലായി. ഈ തടവിന്റെ കാലാവധി കഴിഞ്ഞകൊല്ലം മെയ് മാസത്തില്‍ അവസാനിച്ചതായിരുന്നു. എന്നാല്‍ ഇതിനിടെ ഒരു അമേരിക്കക്കാരന്‍ സ്യൂചി തടവില്‍ക്കഴിയുന്ന കായലോര വസതിയിലേക്കു നീന്തിക്കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് സൈനിക ഭരണകൂടം തടങ്കല്‍ കാലാവധി 18 മാസത്തേക്കുകൂടി നീട്ടുകയാണുണ്ടായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിന്റെ ബഹുഭൂരിഭാഗവും സ്യൂചി തടവില്‍ത്തന്നെയായിരുന്നു. 1990ല്‍ രാജ്യത്തു നടന്ന തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിയായ ‘നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി’ വന്‍വിജയം നേടിയെങ്കിലും അധികാരം കൈമാറാന്‍ സൈനിക ഭരണകൂടം സന്നദ്ധമായില്ല.
മ്യാന്‍മറിന്റെ സ്വാതന്ത്ര്യ സമരനായകന്‍ ആങ് സാന്റെ മകളാണ് സ്യൂചി. ഇന്ത്യയിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം നേടുകയും ബ്രിട്ടീഷുകാരനെ വിവാഹം കഴിക്കുകയും ചെയ്ത അവര്‍ 1980കളുടെ ഒടുവില്‍ അമ്മയെ ശുശ്രൂഷിക്കാന്‍ മ്യാന്‍മറില്‍ മടങ്ങിയെത്തിയതോടെയാണ് ജനാധിപത്യപ്പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായത്.
Discussion about this post