ചെന്നൈ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നടന്‍ ജഗതി ശ്രീകുമാറിനെ തിരുവനന്തപുരത്തെത്തിച്ചു. പുലര്‍ച്ചെ നാലു മണിയോടെ പേയാടുളള ഫ്‌ളാറ്റില്‍ തിരിച്ചെത്തിയത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ജഗതി ഇനി വീടിന്റെ അന്തരീക്ഷത്തില്‍ കഴിയുന്നതാകും നല്ലതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നാട്ടിലേയ്ക്ക് കൊണ്ടുവന്നത്. നാഡികളെ ഉത്തേജിപ്പിക്കാന്‍ ഇവിടെ നടത്തിയിരുന്ന ഫിസിയോതെറാപ്പി വീട്ടിലും തുടരും.
ഇന്നലെ രാത്രി 10.30 ഓടെയാണ് വെല്ലുരിലെ ആശുപത്രിയില്‍ നിന്ന് ജഗതിയെ ഡിസ്ചാര്‍ജ് ചെയ്തത്. പ്രത്യേക കാരവാനിലായിരുന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര. ഒരുമാസം വീട്ടില്‍ കഴിഞ്ഞ ശേഷം വീണ്ടും പരിശോധനയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10നു കോഴിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതിയെ ഏപ്രില്‍ 12നാണു വെല്ലൂരില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിന്റെ ഇടതുഭാഗത്തേറ്റ ക്ഷതം മൂലം ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായി തളര്‍ന്ന നിലയിലാണ് എത്തിച്ചതെങ്കിലും ക്രമേണ നില ഏറെ മെച്ചപ്പെട്ടു. ആളുകളെ തിരിച്ചറിയുകയും പറയുന്നതു മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. നവംബറിലാണു റിഹാബിലിറ്റേഷന്‍ സെന്ററിലേക്കു മാറ്റിയത്.
Discussion about this post