തിരുവനന്തപുരം: സി.ബി.എസ്.ഇ., എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷാക്കാലത്ത് സംസ്ഥാനത്തെ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാന്‍ തീരുമാനമായി. മാര്‍ച്ച് 2 മുതല്‍ 23 വരെയാണ് ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുക. പരീക്ഷാക്കാലത്ത് ലോഡ് ഷെഡ്ഡിങ് ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം ഇന്നലെ ചേര്‍ന്ന ബോര്‍ഡ് അവലോകന യോഗം ചര്‍ച്ച ചെയ്തു. ഇതനുസരിച്ച് മാര്‍ച്ച് 2 മുതല്‍ 23 വരെയുള്ള പരീക്ഷാദിനങ്ങളില്‍ അധികവൈദ്യുതി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമായി.
ഒരു ദിവസം ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുമ്പോള്‍ ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബോര്‍ഡിന് അധികമായി കണ്ടെത്തേണ്ടിവരുന്നത്.
ഇത് ലഭ്യമാക്കാന്‍ എന്‍.ടി.പി.സി., പവര്‍ ട്രേഡിങ് കോര്‍പ്പറേഷന്‍, മറ്റു വൈദ്യുതി വ്യാപാരികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട 200 മെഗാവാട്ട് മുടങ്ങില്ലെന്ന ഉറപ്പ് ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്. അധികവൈദ്യുതി യൂണിറ്റിന് അഞ്ചു മുതല്‍ ആറര വരെ രൂപയ്ക്ക് ലഭ്യമാക്കാനാണ് ശ്രമം. ഈ വിലയ്ക്ക് വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്ന് ചില വ്യാപാരികള്‍ സമ്മതിച്ചിട്ടുണ്ട്. അതിനുള്ള കരാര്‍ ഒപ്പിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുമ്പോള്‍ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുകയോ പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത കുറയുകയോ ചെയ്താല്‍ എന്തുവേണമെന്ന കാര്യവും ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. ഇതിലേതെങ്കിലും സംഭവിക്കുകയാണെങ്കില്‍ പകല്‍ സമയത്ത് ലോഡ് ഷെഡ്ഡിങ് നടപ്പാക്കി പ്രതിസന്ധി മറികടക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ബോധവത്കരണത്തിലൂടെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Discussion about this post