തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ ഔഷധസസ്യത്തോട്ടങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ആരംഭിച്ച ഔഷധസസ്യങ്ങളെക്കുറിച്ചുള്ള എട്ടാമത് ദേശീയ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദത്തിന് ഇന്ന് ഏറെ പ്രാധാന്യവും സ്വീകാര്യതയും കൈവന്നിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍, കോസ്മെറ്റിക്കല്‍, കൃഷി, ഭക്ഷ്യ, വ്യവസായ മേഖലകളിലെല്ലാം ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം. ജൈവവൈവിധ്യങ്ങളുടെ മേഖലയായ കേരളത്തിന്റെ പശ്ചിമഘട്ടം ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള സാഹചര്യമാണിത്. എന്നാല്‍ കേരളമാകെയെടുത്താല്‍ ഔഷധ സസ്യങ്ങള്‍ ഇന്ന് ഭീഷണിയുടെ ഘട്ടത്തിലാണ്. ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ഔഷധ സമ്പത്തിനെ സംരംക്ഷിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ശക്തമായ നടപടികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഗോത്രമേഖലകള്‍ ഉള്‍പ്പെടെയുള്ള സഹകരണത്തോടെ ഔഷധസസ്യകൃഷിക്കും സംരക്ഷണത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും.
രോഗചികിത്സാമേഖലയില്‍ ഇന്ന് ഔഷധസസ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ വനനശീകരണവും വ്യാവസായീകരണവും അമിത ചൂഷണവും ഔഷധസസ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇവയെ സംരക്ഷിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യയും പദ്ധതികളും ഉപയോഗപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഏറെക്കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ട്. മുന്‍വര്‍ഷം 25 പുതിയ ആയൂര്‍വേദ ഡിസ്പെന്‍സറികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഈ വര്‍ഷം കൂടുതലായി 20 ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നയങ്ങളും സമീപനങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏതൊരു പൌരനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
മേയര്‍ അഡ്വ.കെ.ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു. വാര്‍ഡ് കൌണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.ടി.ശിവദാസ്, ഇന്ത്യന്‍ സിസ്റം ഓഫ് മെഡിസിന്‍ ഡയറക്ടര്‍ ഡോ.അനിത ജേക്കബ്ബ്, സംസ്ഥാന ഔഷധസസ്യബോര്‍ഡ് സി.ഇ.ഒ. കെ.ജി.ശ്രീകുമാര്‍, ഗവ.ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.കെ.അശോക്, ഡോ.വാസുദേവന്‍ നമ്പൂതിരി തുടങ്ങിയര്‍ പ്രസംഗിച്ചു. മാര്‍ച്ച് രണ്ടിന് വൈകുന്നേരം നാലിന് കെ.മുരളീധരന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.
Discussion about this post