മണി കൃഷ്ണന്‍ നായര്‍
ഒരു ദിവസം രാത്രിയിലുള്ള ആരാധനയ്ക്കു ശേഷം ഞങ്ങള്‍ കുറച്ചുപേര്‍ ആശ്രമമുറ്റത്തിരിക്കുകയായിരുന്നു. സ്വാമിജി ആരാധന സമയം എല്ലാവര്‍ക്കും ഭസ്മമിടും. എത്ര പേര്‍ ഉണ്ടെങ്കിലും ഒരാള്‍ക്കുപോലും ഭസ്മമിടാതെ ഇരുന്നിട്ടില്ല. ആരാധനയ്ക്കു ശേഷം ദേഹശുദ്ധി വരുത്തിയശേഷം ഞങ്ങളിരിക്കുന്ന സ്ഥലത്ത് വന്ന് പലകാര്യങ്ങളും സംസാരിക്കും. ചിലപ്പോള്‍ രാത്രി ഒരു മണിവരെ ഈ സദസ്സ് നീളും.
അന്ന് ആശ്രമത്തിലുള്ള ഒരു ഭക്തന്‍, ഒരു സിദ്ധനെകൊണ്ടുവന്നിട്ടുണ്ടെന്നും, സ്വാമിജിയെ കാണുവാനും, സിദ്ധിപ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇതുകേട്ട് എല്ലാവര്‍ക്കും വലിയ ആകാംക്ഷയായി. അതിനെന്താ വിളിക്ക് എനിക്ക് ഇതൊന്നും അറിഞ്ഞുകൂടാ, സ്വാമിജി പറഞ്ഞു. സിദ്ധന്‍ വന്നു. അദ്ദേഹം കൈകള്‍ കൂട്ടിതിരുമ്മും അപ്പോള്‍ സുഗന്ധം പരക്കും ഇതാണ് അദ്ദേഹത്തിന്റെ സിദ്ധി. ഏതു സുഗന്ധം വേണമെങ്കിലും നമുക്ക് ആവശ്യപ്പെടാം. സ്വാമിജി ചിരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് അവിടിരുന്ന ഒരാള്‍ പറഞ്ഞു ചെമ്പകപ്പൂവിന്റെ സുഗന്ധം വേണം സിദ്ധന്‍ ചമ്രം പടിഞ്ഞിരുന്നു. കൈകള്‍ കൂപ്പി ധ്യാനിച്ചശേഷം രണ്ടു കൈയും ചേര്‍ത്ത് തിരുമ്മാന്‍ തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോള്‍ ഒരു ദുര്‍ഗന്ധം എവിടെ നിന്നോ വരുന്നുവെന്ന് തോന്നി. നിമിഷങ്ങള്‍ക്കകം അസഹ്യമായ ദുര്‍ഗന്ധം അവിടെ പരന്നു. ചിലര്‍ ഓക്കാനിച്ചു ചിലര്‍ അവിടെ നിന്നും ഓടി. ആകെ സംഭ്രമ ജനകം. സിദ്ധനാകട്ടെ വിഷണ്ണനായി അതേപടി ഇരിക്കുന്നു. പെട്ടെന്ന് സ്വാമിജി കുറച്ച് ഭസ്മം കൈയിലെടുത്ത് 3 പ്രാവശ്യം അന്തരീക്ഷത്തിലേക്ക് ഊതി പറപ്പിച്ചു. അവിടെ മുഴുവന്‍ ചെമ്പകപ്പൂവിന്റെ വാസന നിറഞ്ഞു. സിദ്ധന്‍ ചാടി എഴുന്നേറ്റ് സ്വാമിജിയുടെ കാല്‍ക്കല്‍ വീണു. സ്വാമിജി അപ്പോഴും ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇവിടെ കാണിക്കാന്‍ പറ്റില്ല. സിദ്ധന്‍ യാത്ര പറഞ്ഞ് പോവുകയും ചെയ്തു.
ഞങ്ങളെല്ലാവരും സ്വാമിജിയെ തന്നെ നോക്കിയിരുന്നുപോയി. എന്തു സംഭവിച്ചെന്നറിയാനുള്ള ഉത്കണ്ഠ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. സ്വാമിജി സിദ്ധി കാണിക്കുന്നതിന് എതിരാണ് (ഗുരുസ്വാമിയെ ഉദ്ദേശിച്ചാണ് സ്വാമി പറഞ്ഞത്) ഉദര നിമിത്തം ബഹുകൃത വേഷം സ്വതസിദ്ധമായ പുഞ്ചിരിയോടെ ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ആ വാക്കുകള്‍.
ഒരു ദിവസം ലൈബ്രറിയില്‍ സന്ദര്‍ശകരുമായി സംസാരിച്ചിരിക്കുമ്പോള്‍, കുറച്ച് തടിച്ച ഒരു വ്യക്തിയും, കുടുംബവും സ്വാമിജിയെ കാണാന്‍ വന്നു. പെട്ടെന്ന് ആ വ്യക്തിയെ പേരുവിളിച്ച് അടുത്തു വരുവാന്‍ ആഗ്യം കാണിച്ചു. ബാംഗ്ലൂരില്‍ നിന്നും എത്തിയ ആളായിരുന്നു. കര്‍ണ്ണാടകക്കാരന്‍ ഭസ്മക്കുറി ഇട്ടുകൊടുത്ത ശേഷം സ്വാമിജി ചോദിച്ചു. കോളറുള്ള ഷര്‍ട്ട് ഇട്ട്, നെറ്റിയില്‍ വലിയ ഒരു മുറിവിന്റെ പാടുള്ള, ആജാനുബാഹുവായ ഒരു വ്യക്തിയെ, നിങ്ങളുടെ ഒരു നിമിഷം നിന്നുപോയി. പിന്നീട് പറഞ്ഞു. സ്വാമിജി പറഞ്ഞതുപോലുള്ള ആള്‍ എന്റെ അച്ഛനാണ്. പക്ഷേ ജീവിച്ചിരിപ്പില്ല. ശരി എന്താണ് വന്ന കാര്യം. വീട്ടില്‍ അടുത്ത കാലത്തുണ്ടായ പ്രശ്‌നങ്ങളുടെ നീണ്ട ഒരു പട്ടിക തന്നെ അങ്ങേര് നിരത്തി. ഈ സമയമെല്ലാം സ്വാമിജി കണ്ണടച്ചിരുന്നു. പിന്നീട് കുറേ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി. അങ്ങേര് പുതുതായി വച്ചവീട്, അച്ഛന്റെ അസ്ഥിത്തറ ഇടിച്ച് കളഞ്ഞ് കെട്ടിയ കാര്‍ ഷെഡ്, മുന്‍ വശത്തിരുന്ന അച്ഛന്റെ ഫോട്ടോ ഏതോ മുറിയുടെ മൂലയില്‍ അലക്ഷ്യമായി കിടക്കുന്നത്, അടുക്കളയുടെ അടുത്തുള്ള കുടുസുമുറിയില്‍ സുഖക്കേടായി കിടക്കുന്ന അമ്മ, എന്തിന് കൂടുതല്‍, അവര്‍ക്ക് കൊണ്ടുവരുന്ന ആഹാരം കഴിക്കുന്നത് പൂച്ച (പൂച്ചയുടെ എച്ചിലാണ് എന്നും അമ്മയ്ക്കു കിട്ടുന്നത്). അപ്പോഴേക്കും ആ മനുഷ്യന്‍ സ്വാമിജിയുടെ കാലില്‍ കെട്ടിപ്പിടിച്ച് കരയുവാന്‍ തുടങ്ങി. സാന്ത്വനം പറഞ്ഞ് പ്രതിവിധി ചെയ്യുവാന്‍ പറഞ്ഞ് അയാളെ യാത്രയാക്കി. ഏതു ദുഷ്ടന്റെയും കണ്ണു നീരില്‍ അലിയുന്ന മനസ്സ്, ആര്‍ദ്രമാനസന്‍, ഭക്തന്റെ ദാസന്‍, ദിവ്യ ദൃഷ്ടിയുള്ള അതിമനുഷ്യന്‍ ഈ വാക്കുകളേക്കാള്‍ നല്ലത് ജീവിച്ചിരിക്കുന്ന ഈശ്വരന്‍ അതായിരുന്നു എനിക്ക് അദ്ദേഹം.
മറ്റൊരു സംഭവം ശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ഏകസഹോദരി ശ്രീമതി ഓമനക്കുഞ്ഞമ്മ ഒരു ദിവസം സ്വാമിജിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞു. എനിക്ക് ഒരാഗ്രഹം. സ്വാമിജിക്ക് എന്റെ ഭര്‍ത്താവിനെ ഒന്നു കാണിച്ചു തരാന്‍ പറ്റുമോ. സ്വാമിജി ചിരിച്ചുകൊണ്ടു പറഞ്ഞു പിന്നെന്താ കൈ നിവര്‍ത്തി കൈവെള്ളയിലേക്ക് സൂക്ഷിച്ചു നോക്കുവാന്‍ പറഞ്ഞു. സ്വാമിജി ധ്യാനനിമഗ്നനായി തിക്കുറിശ്ശി ചേട്ടന്റെ ഭാര്യ സുലോചന, ഞാന്‍, എന്റെ ഭര്‍ത്താവ്, പ്രൊഫ: ബാലകൃഷ്ണപിള്ള റീഗല്‍ കമലാക്ഷി ഗോവിന്ദന്‍, വേറെ കുറച്ചു പേരും അവിടെ ഉണ്ടായിരുന്നു. സ്വാമിജി അവരുടെ കാലിന്റെ തള്ളവിരലില്‍ ചവിട്ടി പിടിച്ചു ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ശ്രീമതി ഓമനക്കുഞ്ഞമ്മ ചാടി എഴുന്നേറ്റ് സ്വാമിജിയെ സാഷ്ടാംഗ പ്രണാമം ചെയ്തു. അവരുടെ കണ്ണില്‍നിന്നും സന്തോഷാശ്രുക്കളാണോ സന്താപാശ്രുക്കളാണോ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. സ്വാമിജി ചിരിച്ചു കൊണ്ടേയിരുന്നു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post