ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
മോഷ്ടിച്ചാല്‍ സ്വാമിജി പിടികൂടുമെന്നും കള്ളം പറഞ്ഞാല്‍ അത് പുറത്തുകൊണ്ടുവരുമെന്നും മത്സരിച്ചാല്‍ പരാജയപ്പെടുമെന്നും പാണ്ഡിത്യഗര്‍വ് കാണിച്ചാല്‍ നാണം കെടുമെന്നുമെല്ലാമുള്ള ഒരു ബോധം സ്വാമിജിയെക്കുറിച്ച് സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്നു. സാമദാനഭേദദണ്ഡങ്ങളിലൂടെ ഭരണകൂടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സമൂഹത്തിന്റെ സ്വസ്ഥനില സന്നാഹംകൊണ്ടും സജ്ജീകരണങ്ങള്‍കൊണ്ടും നിലനില്ക്കുന്നതാണ്. ഗവണ്‍മെന്റിന്റെ ഭയത്തില്‍ കവിഞ്ഞ മറ്റൊന്നും അവിടെ നിയന്ത്രണത്തിന് നിര്‍ദ്ദേശമായി ലഭിക്കുന്നില്ല. എന്നാല്‍ മുട്ടോളമെത്തുന്ന ഒറ്റത്തോര്‍ത്തുടുത്ത് പഴന്തുണിക്കഷ്ണങ്ങള്‍ ചേര്‍ത്തുകെട്ടി മേല്‍മുണ്ടാക്കി ജീവിതം നയിച്ച അതീവശുഷ്‌കശരീരിയായ ഒരു സാധാരണമനുഷ്യന്‍ കാഴ്ചവച്ച സന്ദേശം-ധാര്‍മാര്‍ത്ഥകാമമോക്ഷങ്ങളെ അറിഞ്ഞാചരിക്കുവാനും അംഗീകരിക്കുവാനും സമൂഹത്തെ അനുസരിപ്പിക്കുന്ന സന്ദേശം-പ്രാവര്‍ത്തികമായത് ഭയമോ വിദ്വേഷമോ വരുത്തിക്കൊണ്ടല്ല. തെറ്റുകള്‍ തിരുത്തിയും ആവര്‍ത്തിച്ച് തെറ്റുചെയ്യുന്ന സന്ദര്‍ഭങ്ങളെ ഒഴിവാക്കിയുമാണ് സ്വാമിജിയുടെ സന്ദേശങ്ങള്‍ പരന്നത്. തെറ്റുചെയ്തവനും ആ തെറ്റിന്റെ ദുരന്ത ഫലമനുഭവിച്ചവനും ഒരിടത്ത് ഒരേ പാത്രത്തില്‍ ആഹാരം കൊടുത്ത് ”ഇന്നുമുതല്‍ ഇങ്ങനെയിരിക്കണം” എന്ന് നിര്‍ദ്ദേശിച്ചിട്ടാണ് ഇരുകൂട്ടരെയും യാത്രയയക്കുന്നത്. വിരോധമോ വിദ്വേഷമോ തൊട്ടുതീണ്ടിയതായിരുന്നില്ല സ്വാമിജിയുടെ ചിന്താസരണി.
അധര്‍മത്തെ ധര്‍മംകൊണ്ടു ജയിക്കയും ശത്രുവെന്നോ മിത്രമെന്നോ ഭേദബുദ്ധികൂടാതെ ധര്‍മം നിലനിറുത്തുകയും ചെയ്തിരുന്ന ആ ജീവിതം അത്ഭുതങ്ങള്‍ക്കപ്പുറത്തുള്ള ഒരുലോകം സൃഷ്ടിക്കുകയാണ് ചെയ്തത്. വികാരമവശേഷിക്കാത്ത വിപ്ലവം അദ്ദേഹം കാഴ്ചവച്ചു. ശത്രുതാ മനോഭാവത്തോടെ വരുന്നവര്‍ക്ക്‌പോലും സമാധാനം നല്കുന്ന ധാര്‍മികബോധം നേര്‍വഴിക്ക് വെളിച്ചം പകര്‍ന്നു. അതീവശക്തനും ശക്തിഹീനനും സമഭാവന ലഭിക്കുന്ന ആ ജീവിതതന്ത്രം അപ്രേമമായിരുന്നു. സാധാരണജീവിതത്തിന് നേടാനാകാത്ത അസുലഭവും അവാച്യവുമായ ഈ യത്‌നഫലം ജീവിതായോധനത്തെ അക്രമവും ആയുധവുമില്ലാത്ത ഒരു മഹായജ്ഞമായി സംവിധാനം ചെയ്തിരുന്നു.
ഇന്നുവരെ വളര്‍ന്നുവന്നിട്ടുള്ള കക്ഷിരാഷ്ട്രീയക്രമത്തിലെ ഭരണകൂടങ്ങള്‍ക്ക് മരവിപ്പിക്കേണ്ടിവന്ന ധാര്‍മികശേഷി നിഷ്‌കപടമായ ഒരു ജീവിതംകൊണ്ട് നിര്‍മത്സരവും നിസ്തുലവുമാക്കിത്തീര്‍ക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. ശത്രുവിനെ മിത്രമാക്കുന്നതിനും സമ്പന്നനെ ത്യാഗശീലനാക്കുന്നതിനും സ്വാര്‍ത്ഥനെ നിസ്വാര്‍ത്ഥനാക്കുന്നതിനും അക്രമിയെ ശാന്തനാക്കുന്നതിനും കള്ളനെ സാത്വികനാക്കുന്നതിനും കഴിഞ്ഞ സ്വാമിജിയുടെ സാമൂഹ്യവിപ്ലവം ഭൗതികസമ്പത്തിന്റെ സംഭരണശേഷിയില്‍ കുടുങ്ങാത്തതും ദണ്ഡമുറകള്‍കൊണ്ട് സമ്മര്‍ദ്ദം ചെലുത്താത്തതും, എന്നാല്‍ സജീവവും ശാന്തവുമായ ജീവിതംകൊണ്ട് ധന്യമാക്കപ്പെട്ടതായിരുന്നുവെന്ന് സാധാരണക്കാരായ നാമറിയേണ്ടതാണ്. ഇതുപോലുള്ള മഹാത്മാക്കള്‍ക്ക് ജന്മംനല്കാന്‍ കഴിഞ്ഞ ഭാരതത്തിന്റെ ഉജ്ജ്വലസന്ദേശം ജീവരാശികള്‍ക്കാകമാനമുള്ള ശാന്തിക്കും സമാധാനത്തിനും കാരണമായിരുന്നു. പ്രജ്ഞാവികാസത്തിലൂടെ വളര്‍ന്നെത്തുന്ന മനുഷ്യത്വത്തിനുമാത്രമേ വേദനയില്ലാത്ത ജീവിതവിപ്ലവം കാഴ്ചവയ്ക്കാനാകുകയുള്ളു.
ധനാഢ്യമായ ഒരു ജീവിതത്തിന്റെ കാഴ്ചപ്പാടുകളും കൈപ്പാടുകളും പണിതീര്‍ത്തെടുത്ത ഭാവനാശില്പങ്ങള്‍ പലതും മഹാസ്മരണകള്‍ക്കിടംകൊടുക്കുകയും തകര്‍ന്നടിയുകയും ചെയ്ത പാരമ്പര്യമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നഷ്ടപ്പെടുവാന്‍ യാതൊന്നുമില്ലാതെ എളിമയുടെ ജീവിതം കെട്ടിപ്പടുത്ത ത്യാഗത്തിന്റെയും സേവനത്തിന്റെയും സുവര്‍ണഗോപുരങ്ങള്‍ മങ്ങാതെയും മറയാതെയും ഇന്നും വെളിച്ചം വീശുന്നു. ഇത് ചിന്തക്ക് വിധേയമാക്കുവാനും പ്രായോഗികമാക്കുവാനുമുള്ള ഒരു ക്രമം ഭരണാധികാരികള്‍ ഏറ്റെടുത്തിട്ടില്ല. സേവനത്തെ ഏറ്റവും നല്ല വരുമാനമാര്‍ഗമായി കരുതുന്ന ശുഷ്‌കമായ ഭൗതികവികാരത്തിന്റെ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്.
ഭാവിയെക്കുറിച്ചുള്ള ഭാവനകൊണ്ടോ, ഭൂതത്തെപ്പറ്റിയുള്ള നിരൂപണംകൊണ്ടോ വര്‍ത്തമാനത്തിലുള്ള (കലുഷ) ചിന്തകൊണ്ടോ മാത്രം നേട്ടം കൈവരിക്കാനാവുകയില്ല. നേട്ടം കൈവരിക്കുന്നവര്‍ വര്‍ത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഭാവിയിലോ ഭൂതകാലത്തിലോ മനസ്സര്‍പ്പിച്ചവരും വര്‍ത്തമാനത്തില്‍ ജീവിക്കുന്നവരാണ്. ലോകത്തില്‍ സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചും സമ്പന്നതയാര്‍ജിച്ചും വളരുവാന്‍ശ്രമിച്ച പ്രത്യയശാസ്ത്രങ്ങളുടെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ നിര്‍ജീവമായ പരിഷ്‌കാരത്തിന്റെ അവശിഷ്ടങ്ങളായി മനുഷ്യജീവിതത്തിന് ഇന്നും സന്ദേശം പകരുന്നു.
Discussion about this post