തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാന്‍ തയാറായാല്‍ കെ.ബി ഗണേഷ്കുമാറിനെ മന്ത്രിയായി തുടരാമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ നിലനില്‍പിനെ കരുതിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങനെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. മഞ്ഞുരുകുന്നതിന്റെ ലക്ഷണം ചിലയിടത്തൊക്കെ കാണുന്നുണ്ട്. മഞ്ഞുരുകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോജിപ്പിന്റെ വഴി തല്‍ക്കാലം അടയ്ക്കേണ്ടെന്നാണ് തീരുമാനം.
അടുത്ത യുഡിഎഫ് യോഗം നടക്കുന്ന രണ്ടാം തീയതി വരെ കാത്തിരിക്കുമെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. തീരുമാനങ്ങളല്ല ചില ധാരണകളാണ് യോഗത്തില്‍ ഉണ്ടായതെന്ന് പറഞ്ഞാണ് ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മന്ത്രിയെ പിന്‍വലിക്കണമെന്ന പാര്‍ട്ടി ആവശ്യം നീട്ടിക്കൊണ്ടുപോയ യുഡിഎഫ് നിലപാടിനെ ആര്‍. ബാലകൃഷ്ണപിളള വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയെ പിന്‍വലിച്ച നിരവധി സംഭവങ്ങള്‍ ഇന്ത്യയിലും കേരളത്തിലും നടന്നിട്ടുണ്ട്. മന്ത്രിയാകുന്നതോടെ പാര്‍ട്ടിയുമായുള്ള പൊക്കിള്‍കൊടി ബന്ധം ഇല്ലാതാകുമെന്ന ഒരു പുതിയ സിദ്ധാന്തമാണ് ഐക്യ ജനാധിപത്യമുന്നണി കാണിച്ചത്. പകരം മറ്റൊരു മന്ത്രിയെ വെക്കാനില്ലെന്ന വാദമുയര്‍ത്തി പാര്‍ട്ടിയുടെ ആവശ്യം നിരാകരിക്കുന്നതും ശരിയായില്ലെന്ന് പിള്ള പറഞ്ഞു. കയറിക്കൂടിയ മന്ത്രിമാര്‍ക്ക് എന്തും ചെയ്യാവുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാരെ അവഹേളിക്കുകയും അപമാനിക്കുകയും പാര്‍ട്ടിയെ ധിക്കരിക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് മന്ത്രിയെന്ന നിലയില്‍ ഗണേഷുമായി പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
Discussion about this post