തിരുവനന്തപുരം: തനത് കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി എല്ലാ പഞ്ചായത്തുകളിലും കലാഗ്രാമങ്ങള്‍ രൂപീകരിക്കുമെന്ന് പഞ്ചായത്ത്-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. വെളളയമ്പലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കലാഗ്രാമങ്ങള്‍ കമ്മ്യൂണിറ്റി തിയേറ്ററിന് ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിയേറ്റര്‍ സങ്കല്‍പത്തിന് പ്രാദേശികതലത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നും ഊര്‍ജശ്രീയുമായി ബന്ധപ്പെട്ടും പുസ്തകയാത്രയോടനുബന്ധിച്ചും കുടുംബശ്രീഅംഗങ്ങള്‍ അവതരിപ്പിച്ച നാടകങ്ങള്‍ക്ക് ലഭിച്ച സ്വീകരണം ഇതാണ് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയംഗങ്ങളിലെ കലാഭിരുചിയും അഭിനയശേഷിയുമുളള സ്ത്രീകളെ കണ്ടെത്തി പരിശീലിപ്പിച്ച് കേരളത്തിലുടനീളം പ്രാദേശിക കലാസംഘങ്ങളെ വളര്‍ത്തിയെടുക്കുകയാണ് കമ്മ്യൂണിറ്റി തിയേറ്ററിന്റെ ലക്ഷ്യം. കുടുംബശ്രീ എക്‌സി. ഡയറക്ടര്‍ കെ.ബി. വത്സലകുമാരി, സര്‍ക്കാരിന്റെ ജെന്‍ഡര്‍ ഉപദേഷ്ടാവ് ലിഡാജേക്കബ്, നിരീക്ഷാ നാടകട്രൂപ്പ് അംഗങ്ങളായ സുധി, രാജരാജേശ്വരി, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നേരത്തെ അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ കവയിത്രി സുഗതകുമാരി വനിതാദിനപുരസ്‌ക്കാരം വിദ്യാര്‍ത്ഥിനിയായ അമൃതമോഹന്‍, സി.ഡി.എസ്. അംഗങ്ങളായ സൂസമ്മ ജോണ്‍സണ്‍, രജനി എന്നിവര്‍ക്ക് സമ്മാനിച്ചു.
Discussion about this post