കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. തിരുവണ്ണൂരില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ റോഡ് ഉപരോധം നടത്തിയ നാട്ടുകാരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. റോഡ് ഉപരോധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരെ പോലീസ് അറസ്റ് ചെയ്തു. അപകടത്തില്‍ മരിച്ച യുവാക്കളുടെ സംസ്കാര ചടങ്ങിന് ശേഷം വൈകീട്ടോടെയാണ് പ്രതിഷേധക്കാര്‍ റോഡ് ഉപരോധം ആരംഭിച്ചത്. പന്നിയങ്കരയിലും കല്ലായിലുമാണ് പ്രതിഷേധം അരങ്ങേറിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതോടെ വാഹന ഗതാഗതം തടസപ്പെട്ടു. എന്നാല്‍ കൂടുതല്‍ പേര്‍ പ്രതിഷേധിക്കാന്‍ എത്തിയതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസിന് നേരെ കല്ലേറില്‍ തുടങ്ങിയ അക്രമം പിന്നീട് രൂക്ഷമായി. മേഖലയിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. സ്ഥലത്ത് കൂടുതല്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ശനിയാഴ്ച രാത്രി എട്ടോടെയാണ് തിരുവണ്ണൂരില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെയുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചത്. അരക്കിണര്‍ സ്വദേശി രാജേഷ് (36), നല്ലളം സ്വദേശി മഹേഷ് (28) എന്നിവരാണു മരിച്ചത്. വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ വെട്ടിച്ചു കടന്ന ബൈക്കിനെ പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ പോയ ബൈക്ക് എതിരേ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്കു തെറിച്ചുവീണ യുവാക്കള്‍ തത്ക്ഷണം മരിച്ചു.
Discussion about this post