കോഴിക്കോട്: പന്നിയങ്കരയില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രണ്ട് യുവാക്കള്‍ മരിച്ചതുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് ജില്ലാ കളക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന് പിന്നില്‍ വലിയ ഒരു ശക്തിയുണ്ടെന്നും അത് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യവിരുദ്ധര്‍ പോലീസിനെ ശത്രുവായി കണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. യുവാക്കള്‍ മരിച്ച സംഭവത്തില്‍ പോലീസ് ഹെല്‍മറ്റ് വേട്ട നടത്തിയിട്ടില്ലെന്നും പതിവു പരിശോധന മാത്രമായിരുന്നു നടന്നതെന്നുമാണ് പ്രാഥമിക വിവരമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബൈക്കില്‍ സഞ്ചരിച്ച യുവാക്കളുടെ ശരീരത്തില്‍ പോലീസ് തൊട്ടിട്ടില്ല. പോലീസിനെ കണ്ട് മറ്റെന്തോ കാര്യത്തിന്റെ പേരില്‍ ഭയന്ന ഇവര്‍ പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബസ് വന്നിടിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. അതേസമയം കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഡിസിസി അധ്യക്ഷന്‍ കെ.സി അബു ആവശ്യപ്പെട്ടു. പോലീസിനെതിരെ ഇന്നലെ നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധവും പോലീസ് സ്റേഷന്‍ മാര്‍ച്ചും അക്രമാസക്തമായിരുന്നു. ഉച്ചകഴിഞ്ഞ് അപകടത്തില്‍ മരിച്ച യുവാക്കളുടെ സംസ്കാരചടങ്ങുകള്‍ നടന്ന മാങ്കാവ് ശ്മശാനത്തില്‍നിന്നു പ്രകടനമായി നാട്ടുകാര്‍ പന്നിയങ്കര പോലീസ് സ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്നു കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. സംഘര്‍ഷത്തില്‍ അഞ്ചു പോലീസുകാര്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുപതോളം നാട്ടുകാരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post